ഗുരുവായൂര്‍ വലിയ കേശവന് ദേഹാസ്വാസ്ഥ്യം

Above Pot

ഗുരുവായൂര്‍ : ഗുരുവായൂരപ്പന്റെ ഗജ സമ്പത്തിലെ കൊമ്പന്‍ വലിയ കേശവന് ദേഹാസ്വാസ്ഥ്യം. ഇന്നലെ രാത്രി കിടന്ന കൊമ്പന് ഇന്ന് രാവിലെ എഴുന്നേല്‍ക്കാനായില്ല. സാധാരണ ദിവസങ്ങളില്‍ രാവിലെ ആറിന് പാപ്പാന്മാര്‍ അരികിലെത്തുമ്പോഴേക്കും ആന എഴുന്നേല്‍ക്കാറുള്ളതാണ്.

ഏഴ് മണിയായിട്ടും പാപ്പാന്മാരുടെ പരിശ്രമത്തില്‍ ആനയ്ക്ക് എഴുന്നേല്‍ക്കാനായില്ല. തുടര്‍ന്ന് ഡോ.കെ.വിവേകിന്റെ നേതൃത്വത്തില്‍ ഗ്ലൂക്കോസ് കയറ്റി ചികിത്സ തുടര്‍ന്നു. വടവും ജെ.സി.ബിയും ഉപയോഗിച്ച് എഴുന്നേല്‍പ്പിക്കാനുള്ള ശ്രമത്തിനിടെ ഉച്ചയ്ക്ക് 12 ഓടെ ആന തനിയെ എഴുന്നേറ്റു.

വയറിളകി പോയതിന്റെ ക്ഷീണമാണ് ആനക്ക് എഴുന്നേല്‍ക്കാന്‍ കഴിയാതിരുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഒന്നര വര്‍ഷം മുമ്പ് പുറത്ത് മുഴ കണ്ടതിനെ തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സ നല്‍കുകയും ഭേദമാകുകയും ചെയ്തിരുന്നു. ദേവസ്വത്തിലെ മുന്‍ നിര കൊമ്പനായ വലിയ കേശവന് ആരാധകരേറെയാണ്.