Madhavam header
Above Pot

ആറാട്ടിനായി ജനപഥത്തിലേക്കിറങ്ങിയ ഗുരുവായൂരപ്പനെ നിറപറയും നിലവിളക്കും വച്ച് ഭക്തർ എതിരേറ്റു

ഗുരുവായൂര്‍: ഗുരുവായൂർ ഉത്സവത്തിന്റെ അവസാന ചടങ്ങ് ആയ ആറാട്ടിനായി രാജകീയ പ്രൗഢിയോടെ ജനപഥത്തിലേക്ക് ഇറങ്ങിയ ഗുരുവായൂരപ്പനെ നിറപറയും നിലവിളക്കും വെച്ച് ഭക്തർ എതിരേറ്റു . കൊടിമരതറയിലെ സ്വര്‍ണ്ണപഴുക്കാമണ്ഡപത്തില്‍ വെച്ച് ക്ഷേത്രം കീഴ്ശാന്തി മുളമംഗലം ശ്യാം നമ്പൂതിരി ദീപാരാധന നടത്തിയ ശേഷം പുറത്തിറങ്ങിയ ഭഗവാന്റെ സ്വര്‍ണ്ണകോലത്തിലെഴുന്നെള്ളിയ പഞ്ചലോഹതിടമ്പ് ഗുരുവായൂര്‍ ദേവസ്വം ആനതറവാട്ടിലെ കാരണവര്‍ ഗജരത്‌നം പത്മനാഭന്‍ ശിരസ്സിലേറ്റുവാങ്ങി .

Gvr Aarattu padmanbhan-01

Astrologer

ഭഗവാന്റെ വലം പറ്റായി കൊമ്പൻ നന്ദനും ഇടം പറ്റായി ഇന്ദ്രസനും അണി നിരന്നു . ഗോപീകൃഷ്ണന്‍, ചെന്താമരാക്ഷന്‍ എന്നീ കൊമ്പന്മാര്‍ കൂട്ടാനകളായി ഇടം-വലംചേര്‍ന്നു. വാളും, പരിചയം ഏന്തിയ കൃഷ്ണനാട്ടം കലാകാരന്‍മാരുടെ അകമ്പടിയോടെ ആലവട്ടം ,തഴ സൂര്യ മറ എന്നീ അലങ്കാരങ്ങളോടെ പഞ്ചവാദ്യത്തിന്റെ നാദതിമര്‍പ്പില്‍ ഗ്രാമപ്രദക്ഷിണത്തിനൊരുങ്ങിയ ശ്രീഗുരുവായൂരപ്പനെ നിറപറയും, നിലവിളക്കും വെച്ച് ഭക്ത്യാദരവോടെ നാടും, നഗരവും സ്വീകരിച്ചു. പഞ്ചവാദ്യത്തിന് പരക്കാട് തങ്കപ്പൻ മാരാർ ,ചെർപ്പുളശ്ശേരി ശിവൻ ,പാഞ്ഞാൾ വേലുക്കുട്ടി ,മച്ചാട് ഉണ്ണി നായർ എന്നിവർ പ്രമാണം വഹിച്ചു .

Gvr Arattu tidambu

ക്ഷേത്രമതില്‍കെട്ടിനുപുറത്തുള്ള ഭഗവാന്റെ ഗ്രാമപ്രദക്ഷിണത്തിന് ഓരോസ്ഥലത്തിനും ഓരോ പ്രത്യേകതകളുണ്ട്. ഗോപുരം, വൃക്ഷം, പെരുവഴി എന്നിവ അഷ്ടദിക് പാലകന്മാരെ അനുസ്മരിച്ചുകൊണ്ടാണ്. വടക്കേനടയിലെത്തികഴിഞ്ഞാല്‍ വാദ്യവും, ആഹ്ലാദവും ഒരുനിമിഷം നിലയ്ക്കും. പണ്ട് ആറാട്ട് നടന്നിരുന്നത് ചാട്ടുകുളത്ത് വെച്ചായിരുന്നു. അന്ന് ക്ഷേത്രം ട്രസ്റ്റിയുടെ കാര്യസ്ഥന്‍ കണ്ടിയൂര്‍ പട്ടത്ത് നമ്പീശന്‍ കൊല്ലപ്പെട്ടത് ആ സ്ഥലത്തുവെച്ചായിരുന്നു. കണ്ടിയൂര്‍പട്ടത്തെ വീട്ടിലെ ആളെത്തി സങ്കടമില്ലെന്ന് പറഞ്ഞതോടെ എഴുന്നെള്ളിപ്പ് മുന്നോട്ടുനീങ്ങി. തുടര്‍ന്ന് പഞ്ചവാദ്യം അവസാനിപ്പിച്ച് പത്മശ്രീ പെരുവനം കുട്ടന്‍ മാരാരുടെയും , തിരുവല്ല രാധാകൃഷ്ണന്റേയും നേതൃത്വത്തിലുള്ള പാണ്ടിമേളമാരംഭിച്ചു. മേളത്തോടുകൂടിയ എഴുന്നെള്ളത്ത്, ഗ്രാമപ്രദക്ഷിണം കഴിഞ്ഞ് ഭഗവതി ക്ഷേത്രത്തിലൂടെ ഭഗവാന്‍ ആറാട്ട് കടവിലെത്തി. തുടര്‍ന്ന് ക്ഷേത്രം തന്ത്രി ചേന്നാസ് ഹരി നമ്പൂതിരിപ്പാടും, ഓതിക്കന്‍മാരും ചേര്‍ന്ന് ഗംഗാ, യമുന തുടങ്ങി എല്ലാതീര്‍ത്ഥങ്ങളേയും രുദ്രതീര്‍ത്ഥത്തിലേക്ക് ആവാഹിച്ച് പുണ്യാഹം നടത്തി.

gvr arattu ezhunnallippu 1

പിന്നീട് ഭഗവാന്റെ പഞ്ചലോഹവിഗ്രഹത്തില്‍ മഞ്ഞള്‍പൊടി, ഇളനീര്‍ എന്നിവകൊണ്ട് അഭിഷേകംചെയ്ത് ക്ഷേത്രം തന്ത്രി ചേന്നാസ് ഹരി നമ്പൂതിരിപ്പാട് പാപനാശിനീ സൂക്തംജപിച്ച് പഞ്ചലോഹതിടമ്പ് മാറോട്‌ചേര്‍ത്ത് രുദ്രതീര്‍ത്ഥത്തില്‍ ഇറങ്ങി സ്‌നാനം ചെയ്തു. തുടര്‍ന്ന് ഓതിക്കന്‍മാര്‍, കീഴ്ശാന്തിമാര്‍ തുടങ്ങിയവരും സ്‌നാനം നടത്തിയതോടെ ഭഗവാന്റെ ആറാട്ട് പൂര്‍ത്തിയായി. പിന്നീട് പതിനായിരക്കണക്കിന് ഭക്തര്‍ കുളത്തിലിറങ്ങി ആറാട്ടുകുളിച്ച് ആത്മസായൂജ്യം നേടി. ശേഷം ഭഗവാന്‍ പിടിയാനപുറത്ത് കയറി 11-ഓട്ടപ്രദക്ഷിണവും നടത്തിയപ്പോള്‍, പതിനായിരക്കണക്കിന് ഭക്തര്‍ ഭഗവാനെ പിന്തുടര്‍ന്ന് നാമജപവുമായി കൂടെചേര്‍ന്നു. തുടര്‍ന്ന് കൊടിമരചുവട്ടിലെ പൂജകള്‍ക്ക് ശേഷം ക്ഷേത്രംതന്ത്രി ചേന്നാസ് ഹരി നമ്പൂതിരിപ്പാട് സ്വര്‍ണ്ണധ്വജത്തില്‍ നിന്നും സപ്തവര്‍ണ്ണകൊടി ഇറക്കി, ഭഗവാനെ ശ്രീകോവിലിലേക്ക് എഴുന്നെള്ളിച്ച് പഞ്ചലോഹതിടമ്പിലെ ചൈതന്യം മൂലവിഗ്രഹത്തിലേക്ക് ലയിപ്പിച്ചു. ഇതോടെ 10-ദിവസംനീണ്ടുനിന്ന ഉത്സവങ്ങളുടെ ഉത്സവമായ ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് അര്‍ദ്ധരാത്രിയോടെ പരിസമാപ്തിയായി.

Vadasheri Footer