ഗുരുവായൂരില്‍ യു ഡി എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു

">

ഗുരുവായൂര്‍ : ചാവക്കാട്ടെ പോലിസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ്. ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം . കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു . ബസുകള്‍ ഭാഗികമായി സര്‍വീസ് നടത്തി .ഏകാദശി ആഘോഷം നടക്കുന്നതിനാല്‍ ഗുരുവായൂര്‍ ക്ഷേത്ര നടയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിരുന്നു . ഹര്‍ത്താലില്‍ ചാവക്കാട്ട് വ്യാപാരസ്ഥാപനങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. കനത്ത പോലിസ് ബന്ധവസിലായിരുന്നു നഗരം .

താലൂക്ക് ഓഫീസ്, ചാവക്കാട് നഗരസഭ ഓഫീസ് എന്നിവ പ്രവര്‍ത്തിച്ചെങ്കിലും പൊതുജനങ്ങള്‍ കാര്യമായി എത്തിയില്ല. സ്വകാര്യവാഹനങ്ങള്‍ വ്യാപകമായി നിരത്തിലിറങ്ങി. പ്രകടനം നടന്ന സമയത്തൊഴികെ വാഹനങ്ങള്‍ പ്രവര്‍ത്തകര്‍ തടഞ്ഞില്ല.ചാവക്കാട് – പുതുപൊന്നാനി റൂട്ടില്‍ ബസ് സര്‍വ്വീസ് പൂര്‍ണമായും നിലച്ചു.എന്നാല്‍ ചാവക്കാട്-തൃശ്ശൂര്‍, ചാവക്കാട്-കൊടുങ്ങല്ലൂര്‍ റൂട്ടില്‍ ബസുകള്‍ ഭാഗികമായി സര്‍വീസ് നടത്തി.

കോണ്‍ഗ്രസ് ബുധനാഴ്ച നടത്തിയ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചില്‍ പ്രവര്‍ത്തകരെ തല്ലി ചതക്കുകയും , ഗ്രനേഡും ജലപീരങ്കിയും പ്രയോഗിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചാണ് യു.ഡി.എഫ്.ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് പുന്ന പുതുവീട്ടില്‍ നൗഷാദ് വധക്കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റു ചെയ്യുകയും അന്വേഷണം സി.ബി.ഐ.ക്കു വിടണമെന്നും ആവശ്യപ്പെട്ടായിരുന്നു ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച്.

പോലീസ് നടപടിയില്‍ ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സി.എ.ഗോപപ്രതാപന്‍ ഉള്‍പ്പെടെ 25-ലേറെ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു.ഗ്രനേഡ് പൊട്ടി ഗുരുതരമായി പരിക്കേറ്റ ഗോപപ്രതാപന്റെ കാലിലെ എല്ല് പൊട്ടുകയും അടിയന്തിര ശസ്ത്രക്രിയക്കു വിധേയനാക്കുകയും ചെയ്തിരുന്നു.ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇപ്പോഴും ചികിത്സയിലാണ് ഗോപപ്രതാപന്‍.

Leave a Reply

Your email address will not be published. Required fields are marked *

Sponsors