ഗുരുവായൂരിൽ താലപ്പൊലി ആഘോഷിച്ചു
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രം ഉപദേവതയായ ഇടത്തരികത്തുകാവില്‍ ഭഗവതിയുടെ താലപ്പൊലി ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. താലപ്പൊലിയോടനുബന്ധിച്ച് ക്ഷേത്രനട രാവിലെ 11:30-ന് അടച്ചു. പിന്നീട് വൈകീട്ട് നാലര മണിയ്ക്കാണ് നട തുറന്നത്. താലപ്പൊലിയുടെ ഭാഗമായി ക്ഷേത്രത്തില്‍ ഉച്ചയ്ക്ക് പല്ലാവൂര്‍ ശ്രീധരന്‍ മാരാരുടെ നേതൃത്വത്തില്‍ ഒരുമണിക്കൂര്‍ നീണ്ടുനിന്ന പഞ്ചവാദ്യത്തോടേയുള്ള എഴുന്നെള്ളിപ്പില്‍ കൊമ്പന്‍ സിദ്ധാര്‍ത്ഥന്‍ ഭഗവതിയുടെ തിടമ്പെഴുന്നെള്ളിച്ചു.
തുടര്‍ന്ന് പുറത്തേയ്ക്കുള്ള എഴുന്നെള്ളിപ്പില്‍ ഗുരുവായൂര്‍ ശശിയുടെ നേതൃത്വത്തിലുള്ള മേളവും അകമ്പടിയായി. തിരിച്ചു എഴുന്നുള്ളിയ ഭഗവതിയെ നെല്ല് മലർ അവിൽ അരി പൂവ് മഞ്ഞൾ കുങ്കുമം എന്നീ ദ്രവ്യങ്ങൾ നിറച്ച 13 പറകൾ വെച്ച് അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ എതിരേറ്റു . മേളത്തിനുശേഷം ക്ഷേത്രം കോമരം സുരേന്ദ്രന്‍ നായര്‍ പറചൊരിഞ്ഞ് ഭക്തര്‍ക്ക് അനുഗ്രഹം നല്‍കി. ആഘോഷങ്ങള്‍ ഒഴിവാക്കി കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ഭക്തരുടെ തിരക്ക് നിയന്ത്രിച്ചാണ് താലപ്പൊലി ചടങ്ങ് പൂര്‍ത്തീകരിച്ചത്.
ചടങ്ങുകള്‍ക്ക് ക്ഷേത്രം ഡെപ്യുട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പി. മനോജ്കുമാര്‍, ക്ഷേത്രം മാനേജര്‍ എം. ഹരിദാസ് എന്നിവര്‍ നേതൃത്വം നല്‍കി. പറചൊരിയല്‍ ചടങ്ങുകള്‍ക്ക് ശേഷം നാദസ്വരത്തിന്റെ അകമ്പടിയോടെ കുളപ്രദക്ഷിണവും നടന്നു. ഭഗവതി ക്ഷേത്രത്തില്‍ നടന്നുവന്നിരുന്ന കളംപാട്ട് മഹോത്സവത്തിനും സമാപനമായി