ഗുരുവായൂര്‍ ഇടത്തരികത്തുകാവിലെ ”പിള്ളേര് താലപ്പൊലി” ജനുവരി 5-ന്

Above article- 1

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഇടത്തരികത്തുകാവിലെ നാട്ടുകാരുടെ വകയായുള്ള ”പിള്ളേര് താലപ്പൊലി” ജനുവരി 5-ന് ചടങ്ങ് മാത്രമാക്കി നടത്തുമെന്ന് താലപ്പൊലി സംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് നടത്തുന്ന ഈ വര്‍ഷത്തെ താലപ്പൊലി, ആഘോഷങ്ങളില്ലാതെ ആചാരങ്ങള്‍ പൂര്‍ണ്ണമായും ഉള്‍കൊണ്ട് നടത്തപ്പെടും. താലപ്പൊലി സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നാട്ടുകാരുടേയും, ഭക്തജനങ്ങളുടേയും വകയായിട്ടാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ”പിള്ളേര് താലപ്പൊലി” ആഘോഷിയ്ക്കുന്നത്. ക്ഷേത്രത്തിനകത്ത് ഭഗവതിയുടെ എഴുന്നെള്ളിപ്പിന് ശങ്കരപുരം പ്രകാശന്‍ മാരാരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യം അകമ്പടി സേവിയ്ക്കുമ്പോള്‍, ദേവസ്വം ആനതറവാട്ടിലെ ഗജകേസരി ഇന്ദ്രസെന്‍ ഭഗവതിയുടെ കോലമേറ്റും. പഞ്ചവാദ്യം ക്ഷേത്രത്തിനകത്തുവെച്ചുതന്നെ അവസാനിപ്പിയ്ക്കും. പിന്നീട് ക്ഷേത്രത്തിന് പുറത്ത് മേളത്തോടേയുള്ള എഴുന്നെള്ളിപ്പ് ചടങ്ങുമാത്രമാക്കി അവസാനിപ്പിയ്ക്കും. ഭക്തര്‍ക്കായി കിഴക്കേനടയില്‍ നടക്കാറുള്ള പറനിറയ്ക്കലിന് ഇക്കുറി സൗകര്യമുണ്ടായിരിയ്ക്കയില്ല. പകരം ആചാരപ്രകാരം 11-പറകളില്‍ ദ്രവ്യങ്ങള്‍ നിറച്ച് ഇടത്തരികത്തുകാവിലെ കോമരം പറചൊരിയും. പറയെടുപ്പിന് ശേഷം നാദസ്വരത്തോടെ കുളപ്രദക്ഷിണംചെയ്ത് ക്ഷേത്രത്തിനകത്തേയ്ക്ക് പ്രവേശിച്ച് ചടങ്ങ് അവസാനിപ്പിയ്ക്കും. തുടര്‍ന്ന് രാത്രി 9-നുള്ള എഴുന്നെള്ളിപ്പിന്‌ശേഷം ഭഗവതിയ്ക്ക് കളംപാട്ടും ഉണ്ടായിരിയ്ക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത താലപ്പൊലി സംഘം പ്രസിഡണ്ട് എന്‍. പ്രഭാകരന്‍നായര്‍, സെക്രട്ടറി ഇ. കൃഷ്ണാനന്ദ്, വൈസ് പ്രസിഡണ്ട് കെ. വിദ്യാസാഗര്‍, മോഹന്‍ദാസ് ചേലനാട്ട് എന്നിവര്‍ അറിയിച്ചു.

Vadasheri Footer