ഗുരുവായൂര്‍ ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തി തിരഞ്ഞെടുപ്പ് നാളെ നടക്കും
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തി തിരഞ്ഞെടുപ്പ് നാളെ നടക്കും. ഇക്കഴിഞ്ഞ മാര്‍ച്ച് 23-ന് നടത്തേണ്ട മേല്‍ശാന്തി തിരഞ്ഞെടുപ്പ് കോവിഡ് നിയന്ത്രണങ്ങള്‍ മൂലം മാറ്റിവെച്ചിരിയ്ക്കയായിരുന്നു. കഴിഞ്ഞ 6-മാസമായി മേല്‍ശാന്തിയുടെ ചുമതല ക്ഷേത്രം ഓതിയ്ക്കന്മാര്‍ക്കായിരുന്നു. നാളെ ഉച്ച:പൂജ നടതുറന്ന സമയത്ത് രാവിലെ 9.30-ന് ക്ഷേത്രം തന്ത്രിയുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തിയുടെ ചുമതലയുള്ള ക്ഷേത്രം ഓതിയ്ക്കന്‍ നാലമ്പലത്തിലെ നമസ്‌ക്കാര മണ്ഡപത്തില്‍വെച്ച് പുതിയ മേല്‍ശാന്തിയെ നറുക്കിട്ടെടുക്കും. ഇന്ന് രാവിലെ ദേവസ്വം ശ്രീവത്സം ഗസ്റ്റ്ഹൗസില്‍ ക്ഷേത്രം തന്ത്രിമുഖ്യന്‍ ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട് അപേക്ഷകരുമായി കൂടികാഴ്ച്ച നടത്തി. മൊത്തം 48-അപേക്ഷരുണ്ടായിരുന്നതില്‍ ഒരാള്‍ അയോഗ്യനായി. മറ്റൊരാള്‍ കൂടികാഴ്ച്ചയ്‌ക്കെത്തിയില്ല. ബാക്കിവരുന്ന 46-പേരില്‍നിന്നുമാണ് ഇന്ന് നറുക്കിട്ടെടുക്കുന്നത്. പുതിയ മേല്‍ശാന്തി ഈ മാസം 30-ന് ചുമതലയേല്‍ക്കും.