ഗുരുവായൂരിൽ ദ്വാദശിപ്പണ സമര്‍പ്പണത്തിനും , ദ്വാദശി ഊട്ടിനും ആയിരങ്ങൾ

">

ഗുരുവായൂര്‍: അനുഷ്ടാനങ്ങളോടെ ഏകാദശി വൃതമെടുത്ത പതിനായിരങ്ങള്‍, ദ്വാദശിപ്പണ സമര്‍പ്പണം നടത്തിയും , ദ്വാദശി ഊട്ടില്‍ പങ്കെടുത്തും ഭക്തിസാന്ദ്രമായ ചടങ്ങോടെ പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി സമാപിച്ചു. ഒരു വര്‍ഷത്തെ കാത്തിരിപ്പിന്‍റെ ആത്മപുണ്യം നേടിയപ്പോള്‍, ഭക്തജനസഹസ്രം ഒരേകാദശികൂടി അനുഭവിച്ചറിഞ്ഞു. നാളെ ത്രയോദശി ഊട്ടോടെയാണ് ഈ വര്‍ഷത്തെ ഏകാദശി ചടങ്ങുകള്‍ക്ക് പരിസമാപ്തിയാവുന്നത്.

ഇന്ന്‍ പുലര്‍ച്ചെ 12.05-ന് ആരംഭിച്ച ദ്വാദശിപ്പണ സമര്‍പ്പണം രാവിലെ 9-മണിവരെ തുടര്‍ന്നു. 6,67,040 രൂപയാണ് ദ്വാദശി പണമായി ഭക്തര്‍ സമര്‍പ്പിച്ചത് . ശുകപുരം, പെരുവനം, ഇരിങ്ങാലക്കുട എന്നീ മൂന്ന് ഗ്രാമങ്ങളിലെ അഗ്നിഹോത്രികള്‍ ദ്വാദശിപണ സമര്‍പ്പണത്തിന് നേതൃത്വം നല്‍കി. അഭീഷ്ടകാര്യ സിദ്ധിയ്ക്കും, ദുരിത നിവാരണത്തിനും, പ്രപഞ്ച ശ്രേയസ്സിനും വേണ്ടിയാണ് ഏകാദശി വൃതം നോറ്റവര്‍ ദ്വാദശിപണം സമര്‍പ്പിയ്ക്കുന്നത്. ദക്ഷിണയായി വന്ന രൂപയിലെ നാലില്‍ ഒരു ഭാഗമായ 1,66,760 രൂപ ശ്രീഗുരുവായൂരപ്പനും, ബാക്കിവരുന്ന ഭാഗം പങ്കെടുത്ത മൂന്ന് ഗ്രാമങ്ങളിലെ അഗ്നിഹോത്രികള്‍ വിഭജിച്ചെടുത്തു . യാഗശാലകളില്‍ അഗ്നിഹോത്രിയാഗം നടത്തി അഗ്നിയെ കെടാതെ സൂക്ഷിയ്ക്കുന്ന അഗ്നിഹോത്രിമാരാണ് ദ്വാദശിപണം സ്വീകരിച്ച് ഭക്തജനങ്ങളെ അനുഗ്രഹിയ്ക്കാന്‍ ഗുരുവായൂരില്‍ ക്ഷേത്രം കൂത്തമ്പലത്തില്‍ സന്നിഹിതരായത്.

ദ്വാദശിപ്പണ സമര്‍പ്പണത്തിനായി ഭക്തജനസമുദ്രമായിരുന്നു, ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയത്. ദക്ഷിണ സ്വീകരിയ്ക്കാനെത്തിയ അഗ്നിഹോത്രികള്‍ക്ക്, ദേവസ്വം വസ്ത്രവും, ദക്ഷിണയും നല്‍കി. ദ്വാദശിപ്പണ സമര്‍പ്പണത്തിന് ശേഷം ഏകാദശിവൃതം നോറ്റെത്തിയ ഭക്തര്‍ക്കായി ക്ഷേത്രം ഊട്ടുപുരയില്‍ ദ്വാദശി ഊട്ടും നടന്നു. കാളന്‍, ഓലന്‍, വറുത്തുപ്പേരി, എലിശ്ശേരി, മോര്, പപ്പടം, ഇടിച്ചുപിഴിഞ്ഞ പായസം തുടങ്ങിയവ അടങ്ങിയതായിരുന്നു ഭക്തര്‍ക്കായി ദേവസ്വം ഒരുക്കിയത്. അയ്യായിരത്തിലേറെ ഭക്തര്‍ പ്രസാദ ഊട്ടില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors