ഗുരുവായൂരിൽ സ്‌പെഷൽ പോലീസിന്റെ വിളയാട്ടം, ജനത്തിന് ശല്യമായി മാറുന്നു

">

ഗുരുവായൂർ: ശബരിമല തീർത്ഥാടന കാലത്തേക്കായി നിയമിച്ച സ്പെഷൽ പോലീസ് ഓഫീസർമാർ തങ്ങളുടെ പദവി ദുരുപയോഗം ചെയ്യുന്നതായി വ്യാപകമായ പരാതി. രണ്ട് മാസത്തേക്ക് പൊലീസിനെ സഹായിക്കാനായി നിയമിക്കപ്പെടുന്ന ഇവർ പൊലീസ് സേനക്ക് തലവേദനയായി മാറിയിട്ടും നടപടികളെടുക്കാൻ പോലീസിന് കഴിയുന്നില്ല. രാഷ്ട്രീയ സമ്മർദ്ദത്താലാണ് പലരേയും നിയമിച്ചിട്ടുള്ളത് എന്നതിനാലാണ് പച്ചക്കോട്ടിട്ട് നടക്കുന്ന ഈ ‘പോലീസുകാരെ’ സേനക്ക് സഹിക്കേണ്ടി വരുന്നത്. ഫേസ്ബുക്കിലും മറ്റും തങ്ങൾ ഗുരുവായൂരിലെ സ്പെഷൽ പോലീസ് ഓഫീസർമാരാണെന്ന് പരിചയപ്പെടുത്തിയാണ് ഇവരുടെ വിളയാട്ടം.

ഗുരുവായൂരിൽ നടക്കുന്ന വഴിയോര കച്ചവടത്തിലെ തട്ടിപ്പുകൾക്കെതിരെ നടപടിയെടുക്കേണ്ടതും ബോധവത്ക്കരിക്കേണ്ടതും തങ്ങളുടെ ചുമതലയാണെന്ന മട്ടിലാണ് ഇവർ സാമൂഹ്യമാധ്യമങ്ങളിൽ വിലസുന്നത്. എന്നാൽ ആരിൽ നിന്ന് വാങ്ങിയെന്നോ, എവിടെനിന്ന് വാങ്ങിയെന്നോ പറയാതെയുള്ള ഇവരുടെ ആരോപണങ്ങൾ വഴിയോര കച്ചവടത്തെയാകെ അപകീർത്തിപ്പെടുത്തുന്നുണ്ട്. പോലീസെന്ന പേരിൽ ഇവർ സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞാടുമ്പോഴും യഥാർത്ഥ പൊലീസുകാർ ഇവരെ നിയന്ത്രിക്കാനാവാതെ നിസ്സഹായമായി നിൽക്കുകയാണ്. പല സ്ഥലത്തും രണ്ടും മൂന്നും പച്ചക്കോട്ടിട്ട സ്പെഷൽ പൊലീസ് ഓഫീസർമാർ ഒരുമിച്ച് നിന്ന് സംസാരിച്ച് നിൽക്കുന്നത് സ്ഥിരം കാഴ്ചയാണ്. പലരും സ്ഥിരം മൊബൈൽ ഫോണിൽ കളിച്ചിരിക്കുന്നതും കാണാം.

സർക്കാർ ഖജനാവിൽ നിന്നാണ് ഇവർക്ക് ശമ്പളം നൽകുന്നത്. തങ്ങൾക്ക് എന്തോ അധികാരമുണ്ടെന്ന മട്ടിൽ നാട്ടുകാരുമായും തട്ടിക്കയറുന്നവരും ഇവരുടെ കൂട്ടത്തിൽ ധാരാളമുണ്ട്. സാധാരണ പോലീസുകാർ പോലും നെയിം പ്ലേറ്റ് ധരിക്കുമ്പോൾ പച്ച കോട്ടിട്ടവർക്ക് ഇതൊന്നും വേണ്ട. അതിനാൽ തന്നെ മോശമായി പെരുമാറുന്നവർ ആരാണെന്ന് തിരിച്ചറിഞ്ഞ് ആളുകൾക്ക് പരാതി കൊടുക്കാനും കഴിയുന്നില്ല. പോലീസ് എന്ന പദവി ദുരുപയോഗം ചെയ്ത് ഫേസ്ബുക്ക് വീഡിയോയിലൂടെ പ്രചരണങ്ങൾ നടത്തുന്നവ എസ്.പി.ഒമാർക്കെതിരെ നടപടിയെടുക്കാൻ പൊലീസിന് കഴിഞ്ഞില്ലെങ്കിലും ഇവരെ നിയന്ത്രിക്കാനെങ്കിലും കഴിയണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. ഇത്തവണ പ്രശ്നങ്ങൾ ഉണ്ടാക്കിയവരെ അടുത്ത തവണ ഒഴിവാക്കണമെന്നും ആവശ്യമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Sponsors