മഴ വെള്ളം പോകാൻ സ്ഥലമില്ല ,ഗുരുവായൂർ തെക്കേ നടപ്പന്തൽ വെള്ളത്തിൽ മുങ്ങി
ഗുരുവായൂർ : ബുധനാഴ്ച രാത്രി പെയ്ത മഴയിൽ ക്ഷേത്രം തെക്കേ നടപ്പന്തൽ മുങ്ങി .മഴ വെള്ളം ക്ഷേത്ര കുളത്തിലേക്ക് ഒഴുക്കാൻ പൈപ് ഘടിപ്പിച്ചിട്ടുണ്ടെങ്കിലും വെള്ളം കുതിച്ചൊഴുകിയത് പുറത്തേക്കായിരുന്നു .ആഴ്ചകൾക്ക് മുൻപാണ് പൈപ് സ്ഥാപിക്കൽ പൂർത്തിയായത് . എന്നാൽ നടപ്പുരയുടെ പാത്തി പല സ്ഥലത്തും കേടു വന്നത് മാറ്റാൻ കരാറു കാരൻ തയ്യാറായിരുന്നില്ല . ഇത് ശ്രദ്ധിക്കേണ്ട മരാമത്ത് വകുപ്പ് നിർജീവാവസ്ഥയിൽ ആയതിനാൽ കരാറുകാരൻ സ്വന്ത ഇഷ്ടപ്രകാരം ജോലി ചെയ്ത് സ്ഥലം വിട്ടു .ഏറെ കൊട്ടി ഘോഷിച്ചാണ് ദേവസ്വം മഴവെള്ളം ക്ഷേത്ര കുളത്തിൽ സംഭരിക്കാനുള്ള ശ്രമം നടത്തിയത് .മരാമത്ത് വകുപ്പിന്റെ പിടിപ്പ് കേടുകൊണ്ട് അത് ഫല പ്രാപ്തിയിൽ എത്തിക്കാൻ കഴിഞ്ഞില്ല .
തെക്കേ നടപ്പുരയുടെ അരികിലുള്ള കാനകൾ വൃത്തിയാക്കാത്തത് കൊണ്ട് കാനയിൽ കൂടെ വെള്ളം ഒഴുകി പോകാതെയായി . ഇതിന് പുറമെ തെക്കേ കുളത്തിന് തെക്ക് ഭാഗത്ത് മണ്ണിട്ട് ഉയർത്തിയത് വെള്ളം ഒഴുകി പോകേണ്ട ചരിവ് നോക്കാതെയായിരുന്നു . എല്ലാ ഭാഗത്തു നിന്നുള്ള വെള്ളവും ഒഴുകി വന്നതോടെ തെക്കേ പന്തലിൽ വെള്ളം കയറി കടകളിലേക്ക് ഒഴുകുന്ന അവസ്ഥയെത്തി . ഒരു മണിക്കൂർ പെയ്ത മഴ പെട്ടെന്ന് തന്നെ നിന്നതോടെ കടയിൽ വെള്ളം കയറാതെ സമീപത്തെ കടക്കാർ രക്ഷപ്പെട്ടു .