ഗുരുവായൂർ താൽകാലിക പ്രസാദ ഊട്ട് പന്തലിന്റെ ഭൂമി പൂജ നടന്നു.
ഗുരുവായൂർ ക്ഷേത്രത്തിലെ വിശേഷാൽ ദിവസങ്ങളിൽ പ്രസാദ ഊട്ടു നൽകുന്നതിനായി താത്കാലിക ഊട്ടു പന്തൽ ഒരുങ്ങുന്നു. തെക്കേ നടയിൽ നിർമ്മിക്കുന്ന താൽകാലിക പ്രസാദ ഊട്ട് പന്തലിന്റെ ഭൂമി പൂജ നടന്നു. ക്ഷേത്രം കീഴ്ശാന്തി കീഴേടം വാസുണ്ണി നമ്പൂതിരി ഭൂമി പൂജയ്ക്ക് കാർമ്മികത്വം വഹിച്ചു. ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ കെ.ബി . മോഹൻദാസ് ഭദ്രദീപം തെളിയിച്ചു .
അങ്കമാലിയിലെ അഡ്‌ലക്‌സ് കൺവെൻഷൻ സെന്റർ ഉടമയായ ആലുവ പുഴക്കടവിൽ വീട്ടിൽ പി . ഡി . സുധീശന്റെ വഴിപാടായാണ് പന്തൽ നിർമിക്കുന്നത് . സുധീശന്റെ ഭാര്യ രജിത സതീശൻ, ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് , എം . വിജയൻ , കെ . കെ . രാമചന്ദ്രൻ , എ . വി . പ്രശാന്ത് , പി . ഗോപിനാഥൻ അഡ്മിനിസ്‌ട്രേറ്റർ എസ് . വി . ശിശിർ , ദേവസ്വം ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
18000 ചതുരശ്ര അടിയിൽ നിർമിക്കുന്ന പന്തലിന് 30 ലക്ഷത്തിലേറെ രൂപ ചെലവ് വരും.
അഴിച്ചുമാറ്റാൻ കഴിയുന്ന വിധത്തിലുള്ള പന്തലാണ് നിർമിക്കുന്നത് . അഷ്ടമിരോഹിണി, ഗുരുവായൂർ ഉത്സവം , ഏകാദശി തുടങ്ങിയ വിശേഷദിവസങ്ങളിൽ കാലങ്ങളായി തെക്കേ നടയിൽ താൽകാലിക പന്തലൊരുക്കിയാണ് പ്രസാദ ഊട്ട് നൽകാറുളളത്. ഇതിന് ലക്ഷങ്ങളാണ് ദേവസ്വത്തിന് ചെലവഴിക്കേണ്ടി വരുന്നത്. പുതിയതായി നിർമ്മിക്കുന്ന പന്തലിൽ വിശേഷാൽ പ്രസാദ ഊട്ട് നടക്കാത്ത സമയങ്ങളിൽ ഭക്തർക്ക് വിശ്രമിക്കാനും കഴിയും. പുതിയ പന്തൽ ഓഗസ്റ്റ് അവസാനത്തോടെ പണി പൂർത്തിയാക്കും. കിഴക്കേ നടയിലെ നടപ്പന്തൽ അപ്‌സര ജംഗ്ഷൻ വരെ നീട്ടുന്നതിനുള്ള പദ്ധതിയും ഭരണസമിതിയുടെ പരിഗണനയിലാണ്.