ദേവസ്വം ലൈബ്രറിയിലെ അമൂല്യഗ്രന്ഥങ്ങളുടെ ഡിജിറ്റലൈസേഷന് തുടക്കമായി

ഗുരുവായൂർ : ദേവസ്വം ലൈബ്രറിയിലെ അമൂല്യഗ്രന്ഥങ്ങളുടെ ഡിജിറ്റലൈസേഷന് തുടക്കമായി . ലൈബ്രറിയിൽ നടന്ന ഡിജിറ്റലൈസേഷൻ പ്രവർത്തികളുടെ ഉദ്ഘാടനം ദേവസ്വം ചെയർമാൻ അഡ്വ കെ.ബി മോഹൻദാസ് നിർവ്വഹിച്ചു. ഭരണസമിതി അംഗങ്ങളായ എം വിജയൻ , മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, കെ.കെ രാമചന്ദ്രൻ, പി ഗോപിനാഥൻ, എ.വി പ്രശാന്ത്, അഡ്മിനിസ്‌ട്രേറ്റർ എസ്. വി ശിശിർ എന്നിവർ സംസാരിച്ചു.

പൂന്താനം ഇല്ലത്തു നിന്ന് കൊണ്ടു വന്ന വേദഗ്രന്ഥം , പകരാവൂർ മനയിൽ നിന്നും ലഭിച്ച യാഗത്തിന്റെ തൈത്തരീയം എന്നീ താളിയോല ഗ്രന്ഥങ്ങൾ എന്നിവ ഡിജിറ്റലൈസ് ചെയ്തു കൊണ്ടാണ് ഉദ്ഘാടനം നടന്നത്. ഗുരുവായൂർ ദേവസ്വം മതഗ്രന്ഥശാലയുടെ ശേഖരത്തിലുള്ള വിശേഷാൽ താളിയോല ഗ്രന്ഥങ്ങൾ, ചരിത്ര രേഖകൾ, ലേഖനങ്ങൾ, വിശിഷ്ടവ്യക്തികളുടെ സന്ദർശനം , കുറിപ്പുകൾ, കൂടാതെ ഗ്രന്ഥശാലയിലെ അപൂർവ്വഗ്രന്ഥങ്ങളുമാണ് ഡിജിറ്റലൈസേഷൻ നടത്തുന്നത്. 1986 ൽ ആരംഭിച്ച ഭക്തപ്രിയയുടെ ഇതു വരെയുള്ള കോപ്പികൾ, രാമായണം , ഭാഗവതം, നാരായണീയം, കൃഷ്ണനാട്ടം , ഗുരുവായൂർ ദേവസ്വം സംഘടിപ്പിച്ചിരുന്ന ഹിന്ദുമത സമ്മേളനങ്ങളുടെ ചിത്രങ്ങൾ എന്നിവയും ഡിജിറ്റലൈസ് ചെയ്യുന്നു. ഓരോ ദിവസവും 45 പുസ്തകങ്ങളാണ് ഡിജിറ്റലൈസേഷൻ ചെയ്യുന്നത്.

സ്‌കാൻ ചെയ്യുന്ന പുസ്തകങ്ങളുടെ കോപ്പി പി.ഡി.എഫ് ഫോർമാറ്റിൽ ദേവസ്വത്തിന് കൈമാറുമെന്നും രചയിതാക്കളുടെ പേരിലും ഗ്രന്ഥങ്ങളിലെ പേരുകളും ഉൾപ്പെടുത്തി ഡാറ്റാ ഷീറ്റ് തയ്യാറാക്കുമെന്നും സി.ഡിറ്റ് പ്രോജക്ട് സൂപ്പർവൈസർ എ. അമൽ പറഞ്ഞു. സ്‌കാനിംങ്ങ് അസിസ്റ്റന്റുമാരായ എം അപർണ്ണ. എൽ അപർണ്ണ, ജി ജെസി എന്നിവരാണ് ഡിജിറ്റലൈസേഷന് നേത്യത്വം നൽകുന്നത്. സാഹിത്യ അക്കാദമിയുടെ ഗ്രന്ഥശേഖരവുമായി ദേവസ്വം മതഗ്രന്ഥശാലയിലെ ഡിജിറ്റലൈസേഷൻ ചെയ്ത വിശേഷാൽ ഗ്രന്ഥങ്ങൾ ഓൺ ലൈൻ വഴി ഹൈപ്പർ ലിങ്ക് ചെയ്ത് ഉപയോഗിക്കുന്നതിനായുള്ള പദ്ധതി രണ്ടാം ഘട്ടമായി നടപ്പിലാക്കാൻ ആലോചിക്കുന്നതായി മതഗ്രന്ഥശാല ലൈബ്രേറിയൻ രാജലക്ഷ്മി പറഞ്ഞു.