ഗുരുവായൂരിലെ ബഹുനില പാർക്കിങ്ങിൻറെ നിർമാണോൽഘാടനം നിർവഹിച്ചു
ഗുരുവായൂർ : അത്യാധുനിക സൗകര്യങ്ങളോടെ ഗുരുവായൂർ നഗര സഭ നിര്‍മ്മിക്കുന്ന ബഹു നില കാര്‍ പാര്‍ക്കിംങ്ങിന്റെ നിര്‍മ്മാണോദ്ഘാടനം ദേവസ്വം സഹകരണവകുപ്പ് മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. മള്‍ട്ടി ലെവല്‍ കാര്‍പാര്‍ക്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ഗുരുവായൂരിലെത്തുന്ന തീര്‍ത്ഥാടകര്‍ നേരിടുന്ന വാഹന പാര്‍ക്കിംങ്ങിന് വലിയൊരു പരിഹാരമാകുമെന്നും ക്ഷേത്രനഗരിയുടെ വികസനത്തിന് പദ്ധതി ഗുണകരമാകുമെന്നും മന്ത്രി പറഞ്ഞു.
പദ്ധതിയുടെ അനുമതിക്കായി സ്ഥാനമൊഴിഞ്ഞ പ്രൊഫ പി കെ ശാന്തകുമാരി കഠിന പ്രയത്നമുണ്ടെന്ന് മന്ത്രി പറഞ്ഞു .അവരുടെ മൂന്നു വർഷ ഭരണകാലം ഗുരുവായൂരിന്റെ സുവർണ കാലമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
ചടങ്ങില്‍ കെ വി അബ്ദുള്‍ഖാദര്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ കെ.ബി മോഹന്‍ദാസ് മുഖ്യാതിഥിയായി പങ്കെടുത്തു.
അമ്യത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗുരുവായൂര്‍ നഗരസഭയുടെ കിഴക്കേ നടയിലുളള ആന്ധ്രാപാര്‍ക്കിലാണ് മള്‍ട്ടിലെവല്‍ കാര്‍പാര്‍ക്കിംങ് നിര്‍മ്മിക്കുന്നത്. ഗ്രൗണ്ട് ഫ്ളോര്‍ ഉള്‍പ്പടെ ആകെ 6 നിലകളിലായാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. 12984 ചതുരശ്രമീറ്റര്‍ വിസ്ത്യതിയില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ 9 ബസ്, 38 മിനി ബസ്, 43 ടൂവീലര്‍, 362 കാര്‍ ഉള്‍പ്പടെയുളള ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍സ് എന്നിവ പാര്‍ക്ക് ചെയ്യുന്നതിനും ആവശ്യമായ ടോയ്ലറ്റ് , ലിഫ്റ്റ് സംവിധാനവും ഒരുക്കും. 19.06 കോടി രൂപയ്ക്ക് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റിവ് സൊസൈറ്റിയാണ് നിര്‍മ്മാണ പ്രവര്‍ത്തി ഏറ്റെടുത്തിരിക്കുന്നത്.
നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ നിര്‍മ്മല കേരളന്‍, ടി.എസ് ഷെനില്‍, കെ.വി വിവിധ്, എം. രതി, ഷൈലജ ദേവന്‍, മുന്‍ നഗരസഭ ചെയര്‍പേഴ്സണ്‍ പ്രൊഫ. പി.കെ ശാന്തകുമാരി, പ്രതിപക്ഷ നേതാവ് എ.പി ബാബു, ഊരാളുങ്കല്‍ സൊസൈറ്റി സി.ഇ.ഒ നീന എന്നിവര്‍ സംസാരിച്ചു. നഗരസഭ ആക്ടിംങ് ചെയര്‍മാന്‍ കെ.പി വിനോദ് സ്വാഗതവും സെക്രട്ടറി വി.പി ഷിബു നന്ദിയും പറഞ്ഞു.