Above Pot

ഗുരുവായൂർ നഗരസഭാ കൗൺസിൽ അലങ്കോലം , യോഗം പിരിച്ചു വിട്ട് ചെയർമാൻ തടിയൂരി

ഗുരുവായൂർ: മഴക്കാല പൂർവ ശുചീകരണം ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത നഗരസഭ കൗൺസിൽ യോഗം പ്രതിപക്ഷ ബഹളത്തെ തുടർന്ന് അലങ്കോലമായി. കൗൺസിലിൻറെ തുടക്കം തന്നെ കല്ലുകടിയോടെയായിരുന്നു. കൗൺസിൽ ആരംഭിക്കുകയാണെന്ന് ചെയർപേഴ്സൻ വി.എസ്. രേവതി പറഞ്ഞെങ്കിലും ഭരണ പക്ഷ അംഗങ്ങൾ കുറവാണെന്ന് കണ്ട് വൈസ് ചെയർമാൻറെ നിർദേശ പ്രകാരം തുടങ്ങാനായി അൽപസമയം കൂടി കാത്തിരുന്നു. പ്രതിപക്ഷം ഇതിനെ എതിർത്തെങ്കിലും ചെയർപേഴ്സൺ മൗനമായി ഇരുന്നതേയുള്ളു. മൂന്ന് അംഗങ്ങൾ കൂടി എൽ.ഡി.എഫ് നിരയിലെത്തിയതോടെ കൗൺസിൽ നടപടികൾ ആരംഭിച്ചു.

എന്നാൽ അജണ്ട വായിക്കു മുമ്പേ വസ്തുനികുതി പരിഷ്കരണം സംബന്ധിച്ചുള്ള ക്രമപ്രശ്നവുമായി കോൺഗ്രസിലെ എ.ടി. ഹംസ എഴുന്നേറ്റു. എന്നാൽ ആകെ ഒരു അജണ്ടമാത്രമേയുള്ളൂ എന്നും അത് കഴിഞ്ഞ് വിഷയം ചർച്ച ചെയ്യാമെന്ന നിലപാടിലായിരുന്നു ഭരണപക്ഷം. ഇതിനിടെ അജണ്ട വായന തുടങ്ങി. മഴക്കാല പൂർവശുചീകരണത്തെ സംബന്ധിച്ചുള്ള നിർദേശങ്ങൾ വിശദീകരിക്കാൻ ഹെൽത്ത് സൂപ്പർവൈസറെ ക്ഷണിച്ചെങ്കിലും പ്രതിപക്ഷം അനുവദിച്ചില്ല. ഇതിനിടെ കോൺഗ്രസിലെ ആൻറോ തോമസ് നടുത്തളത്തിലെത്തി ഹെൽത്ത് സൂപ്പർവൈസർ വായിച്ചുകൊണ്ടിരുന്ന രേഖ പിടിച്ചുവാങ്ങി കീറി.

ഇതോടെ ഭരണ പക്ഷ അംഗങ്ങൾ നടുത്തളത്തിലേക്ക് ഇരച്ചെത്തി. കൈയാങ്കളിയുടെ വക്കിലെത്തിയ സംഭവവികാസങ്ങളാണ് പിന്നീട് അരങ്ങേറിയത്. ഇതോടെ കൗൺസിൽ പിരിച്ചുവിടാൻ എൽ.ഡി.എഫ് കക്ഷി നേതാവായ ടി.ടി. ശിവദാസൻ നഗരസഭാധ്യക്ഷക്ക് നിർദേശം നൽകി. കൗൺസിൽ പിരിച്ചുവിട്ടതായി അവർ പ്രഖ്യാപിച്ചെങ്കിലും പ്രതിപക്ഷ കൗൺസിലർമാർ പിരിഞ്ഞു പോകാതെ ചെയർപേഴ്സൻറെ വേദിക്ക് മുന്നിൽ നിന്ന് ബഹളം വെച്ചു. മുതിർന്ന അംഗങ്ങൾ ഇടപെട്ടാണ് പ്രശ്നം ശാന്തമാക്കിയത്.

ചക്കംകണ്ടത്തെ മാലിന്യ പ്രശ്നത്തിനെതിരെ നിരന്തരം കൗൺസിലിൽ സംസാരിക്കുന്ന തന്നെ ചെയർപേഴ്സൺ ആക്ഷേപിച്ചതായി കോൺഗ്രസ് കൗൺസിലർ ലത പ്രേമൻ. ചക്കംകണ്ടം മാലിന്യ പ്രശ്നം ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത യോഗത്തിൽ നിന്ന് തന്നെ ഒഴിവാക്കിയതായും അവർ പ്രസ്താവനയിൽ പറഞ്ഞു. മാലിന്യ പ്രശ്നമുള്ള മേഖലയിലെ കൗൺസിലർ എന്ന നിലയിൽ യോഗത്തിൽ തന്നെ ഉൾപ്പെടുത്താതിരുന്നത് പ്രദേശവാസികളോടുള്ള വെല്ലുവിളിയാണെന്നും ആരോപിച്ചു. ലത പ്രേമനെ യോഗത്തിൽ നിന്ന് ഒഴിവാക്കിയതിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയും പ്രതിഷേധിച്ചു