
ഗുരുവായൂർ മേഖലയിലെ കവർച്ച, മൂന്ന് പേർ അറസ്റ്റിൽ.

ഗുരുവായൂർ: കോട്ടപ്പടിയിലും തൊഴിയൂരിലും വീടുകളും കടകളും കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിൽ മൂന്നുപേരെ ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര മേലില ഷെഫീഖ് മൻസിലിൽ റഫീഖ് (44)സതീഷ് ഇയാളുടെ സഹായികളായ ചാവക്കാട് തിരുവത്ര കണ്ണാച്ചി വീട്ടിൽ അനിൽ (24) ഗുരുവായൂർ കോട്ടപ്പടി പുന്നത്തൂർ റോഡ് പൂത്തിയിൽ വീട്ടിൽ ശ്രീകുട്ടൻ (24)എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ നാലിന് രാത്രി ഗുരുവായൂർ കോട്ടപ്പടി വലിയപുരയ്ക്കൽ വിപിനന്റെ വീട് കുത്തിത്തുറക്കാൻ ശ്രമിച്ചതും, 13-ന് രാത്രി തൊഴിയൂരിലെ അടച്ചിട്ട കടകളിലും സ്കൂളിലും മോഷണം നടത്തിയതും റഫീഖാണെന്ന് പോലീസ് കണ്ടെത്തി. വിവിധ ജില്ലകളിലായി നൂറോളം മോഷണക്കേസുകളിൽ പ്രതിയാണ് റഫീഖ്.മാലപൊട്ടിക്കൽ കേസിൽ പ്രതികളായ അനിലും ശ്രീകുട്ടനും ജയിലിൽ വെച്ചാണ് റഫീഖിനെ പരിചയപ്പെട്ടത്.
ആളില്ലാത്ത വീടുകൾ കണ്ടുപിടിച്ച് റഫീഖിന് വിവരം നൽകിയിരുന്നത് ഇവരാണെന്ന് പോലീസ് പറഞ്ഞു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.
ഗുരുവായൂർ എസ്.എച്ച്.ഒ കെ. സതീഷ് കുമാർ, എസ് ഐ മാരായ യു. മഹേഷ്, എൻ.ബി സുനിൽകുമാർ, എ.എസ്.ഐമാരായ ഷാജി, ഉഷ, സീനിയർ സി.പി.ഒമാരായ ലാൽ ബഹദൂർ, കൃഷ്ണപ്രസാദ്, ജോസ് പോൾ, ജോമോൻ, റെജിൻ, അജിത് ലാൽ, രജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

