ഗുരുവായൂരിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ ഹോളി ആഘോഷം .

ഗുരുവായൂർ : ഗുരുവായൂരിലെ ഇതര സംസ്ഥാന തൊഴിലാളികൾ ഒത്തുചേർന്ന് നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷിച്ചു. വർണങ്ങൾ വാരിപ്പൂശിയും പാട്ടുപാടിയും നൃത്തം ചെയ്തുമെല്ലാമായിരുന്നു ആഘോഷങ്ങൾ. മധുര പലഹാര വിതരണവും നടന്നു. ബംഗാളിലെ വിവിധ ജില്ലകളിൽ നിന്നുള്ള 60 ഓളം തൊഴിലാളികളാണ് ആഘോഷങ്ങളിൽ പങ്കെടുത്തത്. ദേവസ്വത്തിൻറെ ബഹുനില പാർക്കിങ് സമുച്ചയം നിർമിക്കുന്ന ഊരാളുങ്കൽ ലേബർ കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഇതര സംസ്ഥാന തൊഴിലാളികളാണ് ഹോളി ആഘോഷിച്ചത്. നിർമാണ ജോലികളിലെ പരിശീലനത്തിനായി കൊല്ലത്തു നിന്നെത്തിയിട്ടുള്ള വിദ്യാർഥികളും ആഘോഷങ്ങളിൽ പങ്കുചേർന്നു. നഗരസഭ കൗൺസിലർ സുരേഷ് വാര്യരും ആഘോഷത്തിൽ പങ്കാളിയായി.