ഡോകടർ ചമഞ്ഞ് കഞ്ചാവ് കടത്തൽ , രണ്ടു കിലോ കഞ്ചാവ് പിടികൂടിയെങ്കിലും പ്രതി രക്ഷപ്പെട്ടു
ഗുരുവായൂർ : ഡോക്ടർ ചമഞ്ഞു വീട്ടിൽ കഞ്ചാവ് മൊത്തക്കച്ചവടം നടത്തുന്ന ആളുടെ വീട് വളഞ്ഞു എക്സൈസ് സംഘം കഞ്ചാവ് പിടികൂടിയെങ്കിലും പ്രതി രക്ഷപ്പെട്ടു . ചാവക്കാട് കടപ്പുറം തൊട്ടാപ്പ് ഞാവേലി പറമ്പിൽ റാഫി ( വെട്ട് റാഫി-43) യാണ് ഓടി രക്ഷപ്പെട്ടത്. റാഫിയുടെ കsപ്പുറം പുന്നക്കച്ചാൽ നാലു സെന്റ് കോളനിയിലുള്ള ഭാര്യ വീട്ടിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ചാവക്കാട് എക്സൈസ് ഇൻസ്പെക്ടർ കെ.വി ബാബുവിന്റെ നേതൃത്വത്തിൽ ഉള്ള എക്സൈസ് സംഘമാണ് രണ്ടു കിലോ കഞ്ചാവ് പിടികൂടിയത് . കഞ്ചാവ് തൂക്കി വിൽക്കുന്നതിനുള്ള ത്രാസും , പ്ലാസ്റ്റിക് കവർ സീൽ ചെയ്യുന്ന മെഷിനും ,സ്റ്റെതസ്ക്കോപ്പും, 69,520 രൂപയും വീട്ടിൽ നിന്ന് കണ്ടെടുത്തു .
ഇടുക്കിയിൽ നിന്നും കാറിലാണ് ഇയാൾ ഡോക്ടർ ചമഞ്ഞ് കഞ്ചാവ് കടത്തിയിരുന്നതെന്ന് എക്സൈസ് സംഘം പറഞ്ഞു. ഇതിനായി സ്റ്റെതസക്കോപ്പ് കഴുത്തിൽ തൂക്കിയിടുമത്രേ. നിരവധി ക്രിമിനൽ കേസുകളിലും ഇയാൾ പ്രതിയാണെന്ന് എക്സൈസ് സംഘം പറഞ്ഞു.കൃത്യമായ രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് കഞ്ചാവ് വേട്ടക്കിറങ്ങിയതെങ്കിലും പ്രതി രക്ഷപ്പെട്ടു . എക്സൈസ് ഇൻസ്പെക്ടർക്ക് പുറമെ പ്രിവന്റീവ് ഓഫീസർ പി.എ ഹരിദാസ്, സിവിൽ എക്സൈസ് ഓഫീസർമാരായ സുധീർ കുമാർ, ജെയ്സൻ പി ദേവസി, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ എം.എൻ നിഷ, പി.എസ് രതിക എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് വേട്ടക്കിറങ്ങിയത്. റാഫിക്കെതിരെ കേസ് എടുത്ത എക്സൈസ് പിടിച്ചെടുത്ത കഞ്ചാവ് കോടതിയിൽ ഹാജരാക്കും