Madhavam header
Above Pot

ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ചുള്ള സ്റ്റേറ്റ് ബാങ്ക് വിളക്ക് ഞായറാഴ്ച

ഗുരുവായൂര്‍: ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യുടെ സമ്പൂര്‍ണ്ണ നെയ്യ്‌വിളക്കാഘോഷം, ഞായറാഴ്ച്ച നടത്തപ്പെടുമെന്ന് ബാങ്ക് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ക്ഷേത്രത്തിനകത്ത് കിഴക്കൂട്ട് അനിയന്‍ മാരാരുടെ നേതൃത്വത്തിലുള്ള പഞ്ചാരിമേളത്തോടേയുള്ള കാഴ്ച്ചശീവേലിയ്ക്ക്, ദേവസ്വം ആനതറവാട്ടിലെ ഒന്നാംനിര കൊമ്പന്‍ ഭഗവാന്റെ തങ്കതിടമ്പേറ്റും. വൈകീട്ട് മൂന്നിനുള്ള കാഴ്ച്ചശീവേലിയ്ക്കും, രാത്രി ഒമ്പതിനുള്ള വിളക്കെഴുന്നെള്ളിപ്പിനും മൂന്ന് കൊമ്പന്മാര്‍ അണിനിരക്കുമ്പോള്‍, കരിയന്നൂര്‍ നാരായണന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള പഞ്ചവാദ്യം അകമ്പടിയാകും.

വിളക്കാഘോഷത്തോടനുബന്ധിച്ച് രാവിലെ 8-ന് ക്ഷേത്രത്തിന് പുറത്ത് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍, കലാപരിപാടികള്‍ക്ക് തുടക്കമാകും. വൈകീട്ട് 5.30-വരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യുടെ കുടുംബാംഗങ്ങള്‍ അവതരിപ്പിയ്ക്കുന്ന വിവിധ കലാപരിപാടികളും, തുടര്‍ന്ന് ആറുമണിയ്ക്ക് പ്രശസ്ത ചലചിത്ര പിന്നണിഗായകന്‍ ബിജു നാരായണന്റെ ഭക്തിഗാനമേളയും ഉണ്ടായിരിയ്ക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ബാങ്ക് ഭാരവാഹികളായ വിളക്കാഘോഷ കമ്മറ്റി പ്രസിഡണ്ട് കെ. നാരായണന്‍, ജനറല്‍ കണ്‍വീനര്‍ സി.എം. സേതുമാധവന്‍, സെക്രട്ടറി കെ. പ്രദീപ്, എം.എം. പ്രകാശന്‍ എന്നിവര്‍ അറിയിച്ചു.

Vadasheri Footer