Header 1 = sarovaram
Above Pot

ഗുരുവായൂർ ഏകാദശിയെ വരവേൽക്കാൻ ഒരുങ്ങി ക്ഷേത്ര നഗരി

ഗുരുവായൂര്‍: ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശിയുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ദേവസ്വം ചെയര്‍മാന്‍ അഡ്വ: കെ.ബി. മോഹന്‍ദാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തിങ്കളാഴ്ച യാണ് പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി .ഞായറാഴ്ച പുലർച്ചെ മൂന്നിന് നട തുറന്നാൽ ചൊവ്വാഴ്ച രാവിലെ 9 മണിയ്ക്കെ നട അടക്കുകയുള്ളു .തുടർച്ച യായി 54 മണിക്കൂറാണ് ഭക്തർക്ക് ദർശന സൗകര്യം ലഭിക്കുക . വൈദ്യുതി അലങ്കാരത്തിനും, ക്ഷേത്രത്തില്‍ നടക്കുന്ന ഉദയാസ്ഥമനപൂജയ്ക്കും, മേളത്തിനും, പ്രസാദ ഊട്ടിനുമായുള്ള ചിലവിനായി 40-ലക്ഷത്തോളം രൂപ നീക്കിവെച്ചതായും ചെയര്‍മാന്‍ അറിയിച്ചു.

ഏകാദശി ഊട്ടിന് മുപ്പതിനായിരത്തില്‍പരം പേര്‍ക്ക് സദ്യയൊരുക്കും. രാവിലെ 10-ന് ആരംഭിക്കുന്ന ഏകാദശി ഊട്ടില്‍ ഒരേസമയം 2000-പേര്‍ക്ക് ഏകാദശി സദ്യ നല്‍കാന്‍ കഴിയുമാറ് രണ്ടിടങ്ങളിലായിട്ടാണ് പന്തലൊരുക്കിയിട്ടുള്ളത്. ഉച്ചക്ക് 2-മണിവരെ വരിയില്‍നില്‍ക്കുന്ന എല്ലാവര്‍ക്കും പ്രസാദ ഊട്ട് നല്‍കും. തിരക്ക് ക്രമീകരിക്കുന്നതിനായി ഗുരുവായൂര്‍ ടെമ്പിള്‍ പോലീസിന്റെ പരിപൂര്‍ണ്ണ സഹായവും ആവശ്യപ്പെട്ടിട്ടുള്ളതായി ചെയര്‍മാന്‍ അറിയിച്ചു.

Astrologer

രാവിലെ ക്ഷേത്രത്തില്‍ പെരുവനം കുട്ടന്‍മാരാരുടെയും, ഉച്ചക്ക് കോട്ടപ്പടി സന്തോഷ് മാരാരുടേയും നേതൃത്വത്തിലുള്ള പഞ്ചാരിമേളത്തോടെ സ്വര്‍ണ്ണകോലം എഴുന്നെള്ളിച്ചുള്ള പ്രൗഢഗംഭീരമായ കാഴ്ച്ചശീവേലിക്ക്, ദേവസ്വം ആനതറവാട്ടിലെ ഗജകേസരി വലിയ കേശവന്‍ ശ്രീഗുരുവായൂരപ്പന്റെ തങ്കതിടമ്പേറ്റും. രാവിലെ പാര്‍ത്ഥസാരഥി ക്ഷേത്രത്തിലേക്കുള്ള എഴുന്നെള്ളിപ്പിന് വൈക്കം ചന്ദ്രന്‍, നെല്ലുവായ് ശശി, തിച്ചൂര്‍ മോഹന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പഞ്ചവാദ്യം അകമ്പടിയാകും. പ്രാദേശികര്‍ക്കും, മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ദര്‍ശന സൗകര്യം രാവിലെ അഞ്ചരമണിവരെയാക്കി നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ ആറുമണിമുതല്‍ ഉച്ചക്ക് ഒരുമണിവരെ വി.ഐ.പികള്‍ക്കായുള്ള പ്രത്യേക ദര്‍ശന സൗകര്യം അനുവദനീയമല്ല.

ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് നടക്കുന്ന ചെമ്പൈ സംഗീതമണ്ഡപത്തില്‍ ഞായറാഴ്ച രാവിലെ 9-മുതല്‍ 10-വരെ പ്രഗദ്ഭരും, അതിപ്രശസ്തരുമായ അൻപതോളം സംഗീതകുലപതികള്‍ പങ്കെടുക്കുന്ന പഞ്ചരത്‌ന കീര്‍ത്താനാലാപനവും നടക്കും. .തുടർന്ന് രാവിലെ 10-ന് തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ഗജഘോഷയാത്രയില്‍, ദേവസ്വം ആനതറവാട്ടിലെ 20-ഓളം ഗജകേസരികള്‍ പങ്കെടുക്കും. പാര്‍ത്ഥസാരഥി ക്ഷേത്രംവഴി ഗുരുവായൂര്‍ ക്ഷേത്രനടയിലെത്തി തങ്ങളുടെ പൂര്‍വ്വികന്‍ ഗജരാജന്‍ ഗുരുവായൂര്‍ കേശവന്റെ സ്മരണക്കായി സ്ഥാപിതമായ ഗുരുവായൂര്‍ കേശവന്റെ പ്രതിമയില്‍ കേശവന്റെ പിന്‍ഗാമി ഗജരത്‌നം പത്മനാഭന്‍ പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്ന് ക്ഷേത്രകുളത്തിന് കിഴക്ക്ഭാഗത്ത് അണിനിരക്കുന്ന ആനകള്‍ക്ക് ആനയൂട്ടും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ഭരണസമിതി അംഗങ്ങളായ എ.വി. പ്രശാന്ത്, കെ.കെ. രാമചന്ദ്രന്‍, പി. ഗോപിനാഥന്‍, ഉഴമലക്കല്‍ വേണുഗോപാല്‍ ,ദേവസ്വം അഡ്മിനിസ്റ്റ്രേറ്റര്‍ എസ്.വി. ശിശിര്‍ എന്നിവര്‍ പങ്കെടുത്തു.

Vadasheri Footer