ഭഗവാന്റെ 27.5 ലക്ഷം തട്ടിയ കേസ് , ഗുരുവായൂർ ദേവസ്വം ഓഫീസിൽ പോലീസ് റെയ്ഡ് നടത്തി.
ഗുരുവായൂർ : ഗുരുവായൂരപ്പന്റെ സ്വർണ ലോക്കറ്റ് വിറ്റ പണത്തിൽ 27 .5 ലക്ഷം രൂപ തട്ടിപ്പ് നടത്തിയ കേസിൽ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് ദേവസ്വം ഓഫീസില്‍ റെയ്ഡ് നടത്തി. ഗുരുവായൂര്‍ അസി: പോലീസ് കമ്മീഷണര്‍ കെ.ജി. സുരേഷിന്റെ നിര്‍ദ്ദേശപ്രകാരം ടെമ്പിള്‍ സി.ഐ: സി. പ്രേമാന്ദകൃഷ്ണന്‍, എസ്.ഐമാരായ സി.ആര്‍. സുബ്രഹ്മണ്യന്‍, കെ.വി. സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ദേവസ്വം ഓഫീസില്‍ റെയ്‌ഡിനെ ത്തിയത്.
ബാങ്ക് ദേവസ്വത്തിന് നല്‍കിയിട്ടുള്ള കൗണ്ടര്‍ ഫയലുകള്‍, ബാങ്ക് രേഖകളുമായി ഒത്തുനോക്കിയ ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും. ദേവസ്വം ഓഫീസില്‍ പരിശോധന ഇനിയും തുടരുമെന്നറിയുന്നു. യഥാസമയങ്ങളില്‍ ബാങ്ക് രേഖകള്‍ വേണ്ടവിധം പരിശോധിയ്ക്കാതെ വീഴ്ച്ച വരുത്തിയ ഡെപ്യുട്ടി അഡ്മിനിസ്‌ട്രേറ്റര്‍ മുതല്‍ മാനേജര്‍മാര്‍ വരെയുള്ളവരെ ചോദ്യംചെയ്യേണ്ടി വരുമെന്നും ടെമ്പിള്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി. പ്രേമാനന്ദകൃഷ്ണന്‍ അറിയിച്ചു. ഭഗവാന്റെ ലക്ഷങ്ങൾ നഷ്ടപ്പെട്ട സംഭവത്തിൽ കയ്ചിട്ട് ഇറക്കാനും വയ്യ ,മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയിലാണ് ഭരണ സമിതി .
പോലീസിൽ പരാതി കൊടുത്തതിനെ തുടർന്ന് പോലീസ് കയറി റെയ്ഡ് തുടങ്ങിയതോടെ ഇനിയും പലതും വെളിച്ചത്തു വരുമെന്നാണ് ഭയക്കുന്നത് . അതെ സമയം ബന്ധപ്പെട്ട ജീവനക്കാരോട് ദേവസ്വം വിശദീകരണം ചോദിച്ചിട്ടുള്ളത് ഒരു പ്രഹസനം ആണെന്ന സംശയവും പുറത്തു വരുന്നു .പണം നഷ്ടപ്പെട്ട വിവരം ഇന്റേണൽ ഓഡിറ്റ് നടത്തിയ അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ കഴിഞ്ഞ ജൂൺ ആറിന് അഡ്മിനിസ്ട്രേറ്റർക്ക് റിപ്പോർട്ട് നൽകിയിരുന്നു . ആ റിപ്പോർട്ട് ജൂൺ ഒൻപതിന് അവർ കാണുകയും ചെയ്തിട്ടുണ്ട് .
എന്നാൽ അവർ ഈ വിവരം ഭരണ സമിതിയെ അറിയിക്കാതെ മൂടി വെച്ചു . തട്ടിപ്പ് നടന്ന സംഭവം വാർത്തയായ ദിനം മാധ്യമപ്രവർത്തകർ ബന്ധപ്പെട്ടപ്പോൾ പോലും തട്ടിപ്പ് നടന്നില്ല എന്ന രീതിയിൽ ആണ് അവർ സംസാരിച്ചത് . സംഭവം ഒതുക്കി തീർക്കാൻ വേണ്ടി ഒരു മാസം മൂടി വെച്ച അഡ്മിനിസ്ട്രേറ്ററോട് ഇത് വരെ ഭരണ സമിതി വിശദീകരണം പോലും ചോദിച്ചിട്ടില്ല എന്നാണ് അറിയുന്നത് . അത് കൊണ്ട് തന്നെയാണ് ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിച്ചു അഡ്മിനിസ്ട്രേറ്റർ നൽകിയ മെമ്മോയിലും നടപടി ഒന്നും ഉണ്ടാകില്ല എന്ന് ഭക്തർ സംശയം പ്രകടിപ്പിക്കുന്നത് .