ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്ററിൽ നൽകുന്ന മരുന്നുകൾ ഉപയോഗശൂന്യമായതോ ?
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്ററിൽ ഉപയോഗ ശൂന്യവും കാലാവധി കഴിഞ്ഞ മരുന്നുകൾ ഉപയോഗിക്കുന്നതെന്ന് ആക്ഷേപം . കഴിഞ്ഞ ദിവസം ഒരു ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചതിനെ തുടർന്ന് അന്യ സംസ്ഥാനക്കാരായ അഞ്ചു പേരെ ഛർദ്ദിയുമായി മെഡിക്കൽ സെന്ററിൽ എത്തിച്ചിരുന്നു. അവർക്ക് നൽകിയ ഗ്ലൂക്കോസ് ഉപയോഗശൂന്യമായത് ആയിരുന്നു എന്നാണ് ആക്ഷേപം . ഡ്രിപ് കൊടുത്ത ഉടൻ തന്നെ എല്ലാവര്ക്കും വിറയൽ തുടങ്ങി . ഒടുവിൽ ചികിത്സ തന്നെ വേണ്ടെന്ന് വച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച തമിഴ് സംഘം നാട്ടിലേക്ക് മടങ്ങി . ഇപ്പോൾ ഗ്ലൂക്കോസ് നൽകുന്ന 10 ൽ ഒന്പത് പേർക്കും വിറയൽ ഉണ്ടാകുന്നുണ്ടെന്ന് ഡോ രാമചന്ദ്രൻ പറഞ്ഞു .
കാലാവധി കഴിഞ്ഞ മരുന്നുകൾ പുതിയ ലേബൽ ഒട്ടിച്ച് വീണ്ടും മാർക്കറ്റിൽ എത്തുന്നുണ്ടെന്നും കൂടുതൽ കമ്മീഷൻ നൽകിയാണ് അത്തരം മരുന്നുകൾ കമ്പനികൾ വിറ്റൊഴിക്കുന്നതെന്ന് ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർ സാക്ഷ്യപ്പെടുത്തുന്നു . അത്തരം വിഭാഗത്തിൽ പെട്ട മരുന്നുകൾ ആകാം മെഡിക്കൽ സെന്ററിലേക്ക് വാങ്ങി കൂട്ടുന്നതെന്ന് സംശയിക്കുന്നത് . ഏത് കമ്പനിയുടെ മരുന്നുകളാണ് മെഡിക്കൽ സെന്റർ വാങ്ങുന്നതെന്ന് ആശുപത്രി മാനേജർക്ക് പോലും അറിയില്ല . പന്തീരടി പൂജയും ഉച്ചപൂജയും തൊഴുത് കഴിയുമ്പോൾ ഊണ് കഴിക്കേണ്ട സമയമായിട്ടുണ്ടാകും .അത് കൊണ്ട് ഇതൊന്നും പരിശോധിക്കാൻ സമയം ഉണ്ടാകാറില്ല .
കുത്തഴിഞ്ഞു കിടക്കുന്ന മെഡിക്കൽ സെന്റർ നന്നായി പ്രവർത്തിപ്പിക്കും എന്ന് ഇടത്പക്ഷ ഭരണസമിതി അധികാരത്തിൽ കയറിയപ്പോൾ അവകാശപ്പെട്ടിരുന്നു .ഇതിന് വേണ്ടി ഒരു സബ് കമ്മറ്റിയേയും ഉണ്ടാക്കി എന്നാൽ ഭരണ സമിതിയുടെ കാലാവധി തീരാറായിട്ടും മെഡിക്കൽ സെന്റർ കൂടുതൽ അധോഗതിയിലേക്ക് പോകുകയായിരുന്നു . ഏത് ആശുപത്രിയിലും ഡോക്ടർമാർക്കാണ് അധികാരം ഉണ്ടാകുക . ദേവസ്വം മെഡിക്കൽ സെന്ററിൽ ഭരണ കക്ഷിയിൽ പെട്ട കാവൽക്കാരൻ ആണ് ആശുപത്രി ഭരിക്കുന്നതത്രെ . കഴിഞ്ഞ ജന്മത്തിൽ മഹാഭാരതം എഴുതിയ ആളെ പിടിച്ചാണ് കവലക്കാരന്റെ പണി ഏൽപിച്ചിട്ടുള്ളതെങ്കിലും ഡോക്ടർമാരെക്കാൾ ഉന്നതിയിൽ നിൽക്കുന്നത് കൊണ്ട് കവലക്കാരന്റെ കാക്കി അണിയേണ്ടി വന്നിട്ടില്ല
.ഒരു രോഗി ഏത് ആശുപത്രിയിൽ ചെന്നാലും ആ രോഗിയുടെ മുഴുവൻ വിലാസവും ആശുപത്രി രേഖകളിൽ ഉണ്ടാകും എന്നാൽ ദേവസ്വം മെഡിക്കൽ സെന്ററിൽ പേര് മാത്രമാണ് രേഖപ്പെടുത്തുക അതും മറ്റാർക്കും വായിക്കാൻ കഴിയാത്ത തരത്തിൽ തെറ്റായി രേഖപ്പെടുത്തുകയും ചെയ്യും . ഒരു കാലത്ത് ഹൃദയ ശസ്ത്രക്രിയ വരെ ചെയ്ത ആശുപത്രിയിൽ ഇന്ന് രോഗികളെ മറ്റുള്ള ആശുപത്രിയിലേക്ക് റഫർ ചെയ്യലാണ് പണി . കോടിക്കണക്കിനു രൂപയാണ് ഓരോ വർഷവും മെഡിക്കൽ സെന്ററിന് വേണ്ടി ദേവസ്വം ചിലവിടുന്നത് . ഇത് കൊണ്ട് ഭക്തർക്കോ സമൂഹത്തിനോ ഒരു ഗുണവും ലഭിക്കുന്നില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ . മാറി വരുന്ന ഭരണ സമിതികൾ അവരുടെ വേണ്ടപ്പെട്ടവർക്ക് ജോലി നൽകാനുള്ള സ്ഥാപനം മാത്രമാക്കി മെഡിക്കൽ സെന്ററിനെ മാറ്റി തീർത്തു . .