Madhavam header
Above Pot

മറ്റം നിത്യസഹായ മാതാവിന്റെ തീര്‍ഥകേന്ദ്രത്തിലെ തിരുനാളാഘോഷം തുടങ്ങി

ഗുരുവായൂർ : മറ്റം നിത്യസഹായ മാതാവിന്റെ തീര്‍ഥകേന്ദ്രത്തിലെ തിരുനാളാഘോഷം തുടങ്ങി. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് നടക്കുന്ന പ്രസുദേന്തി വാഴ്ചക്ക് ഇരിങ്ങാലക്കുട രൂപ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികനാവുമെന്ന് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. എ.സി.പി പി. ബിജുരാജ് ദീപാലങ്കാരം സ്വിച്ച് ഓണ്‍ ചെയ്യും. ശനിയാഴ്ച രാവിലെ 5.45നുള്ള ദിവ്യബലിക്ക് ശേഷം രൂപം എഴുന്നള്ളിച്ച് വക്കും. കിരീടം എഴുന്നള്ളിപ്പും ആരംഭിക്കും. വൈകീട്ട് അഞ്ചിന് തിരുനാള്‍ ഊട്ട് ആശീര്‍വാദം, കിരീട സമര്‍പ്പണം എന്നിവ നടക്കും. രാത്രി പത്തിന് കിരീടം സമാപനം, തേര് മത്സരം, മെഗാമേളം എന്നിവ നടക്കും.

ഞായറാഴ്ച രാവിലെ പത്തിന് ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. ജോമോന്‍ പൊന്തേക്കന്‍ മുഖ്യകാര്‍മികനാവും. ഫാ. സിജോ പുത്തൂര്‍ സന്ദേശം നല്‍കും. വൈകീട്ട് ആറിന് ഇടവക പള്ളിയിലെ ദിവ്യബലിക്ക് ശേഷം തീര്‍ത്ഥകേന്ദ്രത്തിലേക്ക് കിരീടം എഴുന്നള്ളിപ്പ് ആരംഭിക്കും. രാത്രി ഒമ്പതിന് പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഡോ. ശുകപുരം ദിലീപും സംഘവും അവതരിപ്പിക്കുന്ന ചിത്രപഞ്ചാരി അരങ്ങേറും. രാവിലെ 5.30നും, ഏഴിനും 8.30നും വൈകീട്ട് നാലിനും ദിവ്യബലിയുണ്ട്. തിങ്കളാഴ്ച രാവിലെ 7.15ന് മരിച്ചവര്‍ക്കായുള്ള തിരുക്കര്‍മങ്ങള്‍ നടക്കും. രാത്രി ഏഴിന് ഗാനമേളയുണ്ട്. പ്രത്യേക നേര്‍ച്ചയായ നിത്യസഹായാമൃതം തിരുനാള്‍ ദിവസങ്ങളില്‍ വിതരണം ചെയ്യുമെന്നും അറിയിച്ചു. വികാരി ഫാ, ഫ്രാങ്കോ കവലക്കാട്ട്, അസി. വികാരി ഫാ. റോജോ എലുവത്തിങ്കല്‍, കൈക്കാരന്മാരായ റാഫേല്‍ കാക്കശേരി, സി.എ. വിന്‍സന്‍, പി.ടി. സേവി, ജോണ്‍സന്‍ സി. തോമസ്, ജനറല്‍ കണ്‍വീനര്‍ ഇ.ജെ. ജോഫി എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

Vadasheri Footer