ഗുരുവായൂരിൽ വിവാഹ ഫോട്ടോ എടുക്കുന്നതിനു ദേവസ്വം ഫീസ് ഏർപ്പെടുത്തി
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കുന്ന വിവാഹങ്ങളുടെ ഫോട്ടോ എടുക്കുന്നതിന് ഫീസ് ഈടാക്കാൻ ദേവസ്വം തീരുമാനിച്ചു . വിവാഹം ശീട്ടാക്കുന്ന സമയത്ത് ഫോട്ടോ എടുക്കാൻ 500 രൂപയുടെ ടിക്കറ്റും എടുക്കണം . ഈ ടിക്കറ്റിന്മേൽ രണ്‌ടു ഫോട്ടോ ഗ്രാഫർമാർക്കും രണ്‌ടു വീഡിയോ ഗ്രാഫർമാർക്കും കല്യാണമണ്ഡപത്തിലെ ദൃശ്യങ്ങൾ പകർത്താൻ അനുവദിക്കും . അനധികൃതമായി കാമറയിലും മൊബൈൽ ഫോണിലും വിവാഹദൃശ്യങ്ങൾ പകർത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കേരള ഫോട്ടോഗ്രാഫേഴ്‌സ് ആന്റ് വീഡിയോ ഗ്രാഫേഴ്‌സ് യൂണിയൻ ചാവക്കാട് ഏരിയ കമ്മിറ്റി നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി.
ഇത് ദേവസ്വത്തിന് അധിക വരുമാനത്തിനുള്ള ഒരു വഴി തുറക്കൽ കൂടിയായി മാറി . വിവാഹ സീസണിൽ ഇരുനൂറിലധികം വിവാഹങ്ങൾ വരെ നല്ല മുഹൂർത്ത ദിനത്തിൽ ഗുരുവായൂരിൽ നടക്കാറുണ്ട്. മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തരുതെന്ന നിർദേശം എത്രത്തോളം പ്രാവർത്തികമാക്കാൻ കഴിയും എന്ന സംശയവും ഉയരുന്നുണ്ട് . ദേവസ്വം എടുത്ത തീരുമാനം ഏപ്രിൽ ഒന്ന് മുതൽ നിലവിൽ വരും. കെ.പി.വി.യു സംസ്ഥാന സെക്രട്ടറി ഹക്കീം മണ്ണാർക്കാട്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ഷിബു കൂനംമൂച്ചി, പി.കെ.ഹസീന, ജില്ല സെക്രട്ടറി അനിൽ കിഴൂർ, ഏരിയ പ്രസിഡന്റ് മിറർ ജലീൽ, എ.എസ്.ശ്രീവിഷ്, മുരളി ശിവ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. ദേവസ്വം ചെയർമാൻ അഡ്വ.കെ.ബിമോഹൻദാസ്, അഡ്മിനിസ്‌ട്രേറ്റർ എസ്.വി.ശിശിർ എന്നിവർ നിവേദനം ഏറ്റുവാങ്ങി.
.