ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ആഘോഷം വ്യാഴാഴ്ച.
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ആഘോഷം വ്യാഴാഴ്ച നടക്കും . എല്ലാവര്‍ഷവും ഗുരുപവനപുരിയിലേയ്ക്ക് പതിനായിരങ്ങളൊഴികിയെത്തുന്ന ഭഗവാന്റെ പിറന്നാളാഘോഷത്തിന് ക്ഷേത്രമതില്‍കെട്ടിനകത്ത് കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനിലൂടെ ബുക്കുചെയ്ത വെറും ആയിരംപേര്‍ക്കുമാമെ ദര്‍ശനം അനുവദിക്കൂ . എന്നാല്‍ അവര്‍ക്ക് നാലമ്പലത്തിനകത്തേയ്ക്ക് പ്രവേശനമില്ല. ചുറ്റമ്പലത്തില്‍ വലിയ ബലികല്ലിനരികില്‍നിന്ന് ഭഗവാനെ കണ്‍കുളിര്‍ക്കേകണ്ട് ദര്‍ശിയ്ക്കാം.
ക്ഷേത്രത്തില്‍ രാവിലേയും, ഉച്ചകഴിഞ്ഞും ഒരാനയോടെ ഭഗവാന്‍ സ്വര്‍ണ്ണകോലത്തിലെഴുന്നെള്ളുന്ന മേളത്തോടേയുള്ള കാഴ്ച്ചശീവേലിയമുണ്ടാകും. രാത്രിനടക്കുന്ന ചുറ്റുവിളക്ക് നിറുനെയ്യിന്റെ നിറശോഭയില്‍ വാതാലയേശന്റെ അകത്തളം തെളിഞ്ഞുനില്‍ക്കും. ചുറ്റുവിളക്കിന് ഇടയ്ക്കാ-നാദസ്വരത്തോടെ പ്രദക്ഷിണവുമുണ്ടാകും. അത്താഴപൂജയ്ക്ക് വിശഷവിഭവമായി ഭഗവാന് നെയ്യപ്പം നിവേദിയ്ക്കും. കഴിഞ്ഞവര്‍ഷം 43.978-അപ്പവും, 14.05-ലക്ഷം രൂപയുടെ പാല്‍പായസവും ശീട്ടാക്കിയിരുന്നു. എന്നാല്‍ ഇക്കൊല്ലം 10000-അപ്പം, 200-ലിറ്റര്‍ പാല്‍പായസം, 100-അട തുടങ്ങിയവ മാത്രമാണ് ശീട്ടാക്കിയ നിവേദ്യങ്ങളായി ഭക്തര്‍ക്ക് നല്‍കാന്‍ ദേവസ്വം തീരുമാനിച്ചിട്ടുള്ളത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഭക്തര്‍ക്ക് ആവശ്യാനുസരണവും പ്രസാദങ്ങള്‍ ശീട്ടാക്കാം.
അഷ്ടമിരോഹിണിയുടെ ഭാഗമായി നാലമ്പലത്തിലെ വാതില്‍മാടത്തില്‍ നടത്തുന്ന ഭാഗവതസപ്താഹം, മാഹാത്മ്യ പാരായണത്തോടെ ആരംഭിച്ചു. ജന്മാഷ്മിദിനത്തില്‍ ശ്രീകൃഷ്ണാവതാരം പാരായണംചെയ്യും. സപ്താഹം 13-ന് സാമാപിയ്ക്കും. ഭാഗവതസപ്താഹത്തിന് ക്ഷേത്രംകീഴ്ശാന്തി മേലേടം കേശവന്‍നമ്പൂതിരി നേതൃത്വം നല്‍കും. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇക്കുറി ഭഗവാന്റെ പിറന്നാള്‍സദ്യ ഉണ്ണാന്‍ ഭക്തര്‍ക്കാവില്ല. കഴിഞ്ഞവര്‍ഷം മുപ്പതിനായിരത്തിലേറെ ഭക്തരാണ് ഭഗവാന്റെ വിഭവസമൃദ്ധമായ പിറന്നാള്‍ സദ്യയില്‍ പങ്കെടുത്തത്.