ഗുരുവായൂർ സർക്കാർ അതിഥി മന്ദിരത്തിന്റെ ഒന്നാംഘട്ട വാർക്ക പണി പൂർത്തിയായി
ഗുരുവായൂർ : സർക്കാർ അതിഥി മന്ദിരത്തിന്റെ ഒന്നാംഘട്ട വാർക്ക പണിപൂർത്തിയായി. 25 കോടി രൂപ ചെലവഴിച്ചാണ് സംസ്ഥാന ടൂറിസം വകുപ്പ് ഗുരുവായൂരിൽ അതിഥിമന്ദിരം നിർമ്മിക്കുന്നത്. പ്രസിഡൻഷ്യൽ സ്യൂട്ട് ഉൾപ്പെടെ അഞ്ച് നിലകളിലായാണ് കെട്ടിടം. ലിഫ്റ്റ്, മാലിന്യ സംസ്‌കരണത്തിന് പ്രത്യേക സജ്ജീകരണങ്ങൾ, വെള്ളം ശുദ്ധീകരിച്ച് സൂക്ഷിക്കാൻ കഴിയുന്ന സാങ്കേതികതകൾ എന്നിങ്ങനെ നൂതന സംവിധാനങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.
വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് ഭൂഗർഭ പാർക്കിംഗ് സൗകര്യമാണ് ഒരുക്കിയത്.
ആദ്യഘട്ടത്തിലെ കോൺക്രീറ്റിംഗ് വർക്കുകളും ഭൂഗർഭ പാർക്കിംഗ് സ്ലോട്ടിന്റെ പണികളും പൂർത്തിയായി. തുടർന്നുള്ള നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കുമെന്ന് നിർമാതാക്കളായ ഊരാളുങ്കൽ സൊസൈറ്റി അറിയിച്ചു.
നിർമ്മാണം പൂർത്തീകരിക്കുന്നതോടെ കേരളത്തിലെ മികച്ച ഗസ്റ്റ് ഹൗസുകളിൽ ഒന്ന് ഗുരുവായൂരിലെതായി മാറും. 1950കളിൽ നിർമ്മിച്ച പഴയ ഗവ. ഗസ്റ്റ്ഹൗസ് ആയിരുന്നു ഇതുവരെ ഗുരുവായൂരിൽ നിലനിന്നിരുന്നത്. പ്രസിഡന്റ്, പ്രധാനമന്ത്രി തുടങ്ങി രാജ്യത്തെ വിവിഐപി അതിഥികൾ വരുന്ന ഗുരുവായൂരിൽ സർക്കാർ അതിഥിമന്ദിരത്തിന് പ്രാധാന്യമേറെയാണ്. ആറുമാസത്തിനകം പണികൾ പൂർത്തിയാക്കാൻ കഴിയുമെന്നാണ് നിഗമനമെന്ന് കെ.വി അബ്ദുൽ ഖാദർ എംഎൽഎ അറിയിച്ചു.