ഗാർഡ് ഇല്ലാത്തതു കൊണ്ട് ഗുരുവായൂരിൽ നിന്നും രാവിലെ 9 ന് പോകേണ്ട ട്രെയിൻ പുറപ്പെട്ടത് 10 മണിക്ക്
ഗുരുവായൂർ : ഗുരുവായൂരിൽ നിന്ന് രാവിലെ 09.05ന് പുറപ്പെടേണ്ടിയിരുന്ന തൃശൂർ പാസഞ്ചർ ട്രെയിൻ ഒരു മണിക്കൂറോളം വൈകിയത് യാത്രക്കാരെ വലച്ചു. ഗാർഡ് നിയമാനുസൃതമായ വിശ്രമം എടുത്തത്തോടെ സ്ഥിരം യാത്രക്കാരടക്കം നിരവധി പേരാണ് ബുദ്ധിമുട്ടിലായത്. പുലർച്ചെ രണ്ടിന് ഗുരുവായൂരിലെത്തേണ്ട പുനലൂർ പാസഞ്ചർ 3.30 നാണ് ഗുരുവായൂരിലെത്തിയത്. പുനലൂർ പാസഞ്ചറിനും തൃശൂർ പാസഞ്ചറിനും ഒരേ ഗാർഡാണ്.
പുനലൂർ വൈകുമ്പോൾ നിയമപരമായ വിശ്രമ സമയം ഗാർഡ് എടുക്കുന്നതാണ് പാസഞ്ചർ വൈകാൻ കാരണമായി അധികൃതർ പറയുന്നത്. ട്രെയിൻ വൈകിയതോടെ ഉദ്യോഗാർത്ഥികളും വിദ്യാർത്ഥികളും കൂടികാഴ്ചകളിൽ പങ്കെടുക്കുവാനായി പുറപ്പെട്ടവരും വലിയ പ്രതിസന്ധിയാണ് നേരിട്ടത് ഇതേ തുടർന്ന് യാത്രക്കാർ സ്റ്റേഷൻ ഓഫീസറുടെ ഓഫീസിന് മുന്നിലെത്തി ബഹളവെച്ചു. യാത്രക്കാരുടെ പ്രതിഷേധത്തിനൊടുവിൽ പത്ത് മണിയോടയാണ് ട്രെയിൻ പുറപ്പെട്ടത്. ഗുരുവായൂരിൽ നിന്നുള്ള ട്രെയിനുകൾ ലോക്കോ പൈലറ്റ് വിശ്രമിക്കുന്നതിനാൽ യാത്രക്കാരെ സ്ഥിരമായി വലക്കുക പതിവായിരുന്നു. യാത്രക്കാരുടെ പ്രതിഷേധത്തെ തുടർന്ന് റയിൽവേ കഴിഞ്ഞ ദിവസം ഇതിന് പരിഹാരം കണ്ടിരുന്നു. ട്രെയിൻ കൃത്യസമയത്ത് സർവ്വീസ് നടത്തുന്നതിന് ബന്ധപ്പെട്ടവർ ശ്രദ്ധചെലുത്തണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.