Header 1

ഗൃഹനാഥൻ മരിച്ച സംഭവം ,ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി

ചാവക്കാട്: വഴിത്തര്‍ക്കത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഗൃഹനാഥന്‍ മരിച്ച സംഭവത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.സംഘര്‍ഷത്തിനിടെ മരിച്ച മണത്തല ചക്കര പരീതി(61)ന്റെ ഭാര്യ ജുമൈല സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയത്. കേസ് സി.ബി.ഐ.ക്കു വിടുകയോ ക്രൈംബ്രാഞ്ചിലെ ഉന്നത ഉദ്യോഗസ്ഥരെകൊണ്ട് അന്വേഷണം നടത്തുകയോ വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

Above Pot

പരീതിന്റെ മരണത്തിനു ഉത്തരവാദികളായവര്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസ് എടുത്തിട്ടില്ലെന്നും ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.കേസില്‍ ലോക്കല്‍ പോലീസ് നടത്തിയ അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് ജുമൈല കോടതിയെ സമീപിച്ചതിനെതുടര്‍ന്ന് കേസില്‍ തുടരന്വേഷണം നടത്താന്‍ കഴിഞ്ഞ നവംബറില്‍ ചാവക്കാട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ തുടരന്വേഷണവും തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടി പരാതിക്കാരിയായ ജുമൈല മുഖ്യമന്ത്രിയെ നേരിട്ടുകണ്ടും പരാതി നല്‍കിയിരുന്നു.

ഇതേതുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം.കോടതി ഉത്തരവ് നിലനില്‍ക്കെ വസ്തുവില്‍ അതിക്രമിച്ചു കയറിയ പരീതിന്റെ രണ്ടു ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ള മൂന്നുപേര്‍ചേര്‍ന്ന് വഴിവെട്ടാന്‍ ശ്രമിച്ചതിനെതുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.