എം ജി സർവകലാശാല മാർക്ക് ദാനം , ഗവർണർ റിപ്പോർട്ട് തേടി ,
തിരുവനന്തപുരം : മഹാത്മാ ഗാന്ധി സര്‍വ്വകലാശാല മാര്‍ക്ക് ദാന വിവാദത്തില്‍ ഗവര്‍ണര്‍ വൈസ്‍ചാന്‍സലറോട് റിപ്പോര്‍ട്ട് തേടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മന്ത്രി കെ ടി ജലീലും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ കൊഴുക്കുന്നതിനിടെയാണ് ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. അതേസമയം മന്ത്രി കെ ടി ജലീല്‍ ഉന്നയിച്ച വാദങ്ങളെ എതിര്‍ത്ത രമേശ് ചെന്നിത്തല ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും അറിയിച്ചു. ചെന്നിത്തലയുടെ മകനെ പരോക്ഷമായി പരാമര്‍ശിച്ച് 2017 ലെ യുപിഎസ്സി സിവില്‍ സര്‍വ്വീസ് പരീക്ഷയും റാങ്കും പരിശോധിക്കണമെന്ന് മന്ത്രി പരിഹസിച്ചിരുന്നു.
എന്നാല്‍ മകനെതിരെ ആരോപണം ഉന്നയിക്കുന്നത് അപമാനിക്കാനാണെന്ന് ചെന്നിത്തല പറഞ്ഞു. സിവില്‍ സര്‍വ്വീസ് പരീക്ഷാ നടപടികള്‍ ആരോടെങ്കിലും ചോദിച്ചറിയണം. ഇത്തരം ആരോപണങ്ങള്‍ കേട്ടാല്‍ പൊതുസമൂഹം ചിരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. മോഡറേഷനെയാണ് പ്രതിപക്ഷനേതാവ് മാര്‍ക്കുദാനമെന്ന് വിളിക്കുന്നതെന്ന ജലീലിന്‍റെ ആരോപണത്തിനും ചെന്നിത്തല മറുപടി നല്‍കി. മോഡറേഷൻ ഇന്നലെ തുടങ്ങിയതല്ല, ആ ആനുകൂല്യം പല കുട്ടികൾക്കും ലഭിച്ചിട്ടുള്ളതാണ്.
മോഡറേഷൻ നിർത്തണമെങ്കിൽ അത് പ്രതിപക്ഷ നേതാവ് പറയണമെന്നും അപ്പോൾ അത് പരിഗണിക്കാമെന്നുമായിരുന്നു മന്ത്രി പറഞ്ഞത്. എന്നാല്‍ മോഡറേഷന്‍ നിര്‍ത്തണമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. വളഞ്ഞവഴി മോഡറേഷന്‍ നല്‍കിയതിനെയാണ് എതിര്‍ത്തത്. കള്ളത്തരം പുറത്തുവന്നതിന്‍റെ ജാള്യതയാണ് മന്ത്രിക്കെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കെ ടി ജലീൽ മന്ത്രി സ്ഥാനത്ത് നിന്ന് മാറി നിന്ന് ജുഡീഷ്യൽ അന്വേഷണം നേരിടണമെന്നാണ് രമേശ് ചെന്നിത്തല ആവശ്യപ്പെടുന്നത്.
എംജി സർവ്വകലാശാലയ്ക്ക് കീഴിലുള്ള കോതമംഗലം എഞ്ചിനീയറിംഗ് കോളേജിലെ ഒരു വിദ്യാർത്ഥിക്ക് മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും ചേർന്ന് മാർക്ക് കൂട്ടി നൽകിയെന്ന ഗുരുതര ആരോപണം ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിക്കുന്നത്. സർവ്വകലാശാല അദാലത്തിൽ മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടതിന് പിന്നാലെ വിഷയയം സിൻഡിക്കേറ്റ് യോഗത്തിൽ വയ്ക്കാൻ തീരുമാനിച്ചു. ഇത് ചട്ടവിരുദ്ധമാണെന്ന് വൈസ് ചാൻസലർ ചൂണ്ടിക്കാട്ടിയപ്പോൾ സിൻഡിക്കേറ്റിലെ ഇടത് അംഗങ്ങൾ ഔട്ട് ഓഫ് അജണ്ടയായി ഇക്കാര്യം കൊണ്ടുവന്നു. മന്ത്രിക്ക് മുന്നിൽ പരാതി ഉന്നയിച്ച വിദ്യാർത്ഥിക്ക് ഒരു മാർക്ക് നൽകാൻ തീരുമാനിച്ചെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം.