ലൈഫ് മിഷൻ കേസ്, സിബിഐക്കെതിരായ ഹർജി അഴിമതി മൂടി വയ്ക്കാൻ : രമേശ് ചെന്നിത്തല.

">

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്ലാറ്റുമായി ബന്ധപ്പെട്ട് സിബിഐയുടെ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത് അഴിമതി മൂടിവയ്ക്കാനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിബിഐ അവരുടെ പണിയെടുക്കട്ടെയെന്നാണ് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത്. 24 മണിക്കൂര്‍ കഴിയുന്നതിന് മുന്‍പ് സിബിഐയുടെ പണി അവസാനിപ്പിക്കാനുള്ള പണിയാണ് അദ്ദേഹം നടത്തിയത്. മുഖ്യമന്ത്രിയുടെ കപടമുഖമാണ് ഒരിക്കല്‍ കൂടി പുറത്തു വരുന്നതെന്നും ചെന്നിത്തല വിമർശിച്ചു.

ലൈഫ് തട്ടിപ്പില്‍ സര്‍ക്കാരിനൊന്നും മറച്ചു വയ്ക്കാനില്ലെന്നും സര്‍ക്കാരിനൊരു പങ്കുമില്ലെന്നുമാണ് ഇത്രയും കാലം മുഖ്യമന്ത്രി പറഞ്ഞത്. എന്തിനാണ് സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ ഇത്ര ഭയക്കുന്നത്? അഴിമതിയില്‍ സര്‍ക്കാരിന് വ്യക്തമായ പങ്കുള്ളതിനാലാണ് സിബിഐ അന്വേഷണം മുടക്കാന്‍ ശ്രമിക്കുന്നത്. ഇത് കുറ്റം മൂടിവയ്ക്കാനുള്ള കുറ്റവാളികളുടെ മനോഭാവമാണ്. കേരളത്തില്‍ സിബിഐയെത്തന്നെ നിരോധിക്കാനുള്ള ഓര്‍ഡിനന്‍സ് തയ്യാറാക്കി വച്ച ശേഷമാണ് ആദ്യ പടിയായി ഹൈക്കോടതിയില്‍ കേസ് റദ്ദാക്കാന്‍ ഹര്‍ജിയുമായി എത്തിയിരിക്കുന്നത്. ഇത് നടന്നില്ലെങ്കില്‍ അടുത്തത് പ്രയോഗിക്കാനാണ് നീക്കമെന്നും ചെന്നിത്തല ആരോപിച്ചു.

അഴിമതി അന്വേഷിക്കാന്‍ പാടില്ലെന്ന് ഒരു സര്‍ക്കാര്‍ തന്നെ നിലപാടെടുക്കുന്നത് വിചിത്രമാണ്. അഴിമതി നടത്തുകയും അത് മറച്ചു വയ്ക്കാന്‍ പൊതു പണം ധൂര്‍ത്തടിക്കുകയുമാണ് ഇവിടെ ചെയ്യുന്നത്. ജനാധിപത്യത്തിലെ ധാര്‍മ്മികതയെ കുഴിച്ചു മൂടുകയാണ് ഇതുവഴി സര്‍ക്കാര്‍ ചെയ്യുന്നത്. അഴിമതി മൂടിവയ്ക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ പൊതു സമൂഹം കാണുന്നുണ്ടെന്ന് ഇവര്‍ ഓര്‍ക്കുന്നില്ല. അതിന് കേരള ജനത ഇടതുമുന്നണിക്ക് തക്കതായ ശിക്ഷ നല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors