റോഡ് നന്നായതുകൊണ്ട് അപകടങ്ങൾ വർധിച്ചു .കർണാടക ഉപമുഖ്യമന്ത്രി
ബെംഗളൂരു: നല്ല റോഡുകളാണ് മിക്ക അപകടങ്ങള്‍ക്കും കാരണമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഗോവിന്ദ് കജ്‌റോള്‍. മോശം റോഡുകള്‍ കാരണം അപകടം സംഭവിക്കുന്നില്ലെന്നും, എന്നാല്‍ മികച്ചതും സുരക്ഷിതവുമായ റോഡുകള്‍ കാരണമാണ് അപകടങ്ങള്‍ സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഉപമുഖ്യമന്ത്രി.
റോഡുകള്‍ മികച്ച നിലവാരത്തിലായതാണ് അപകടനിരക്ക് വര്‍ധിക്കാന്‍ കാരണം. നമ്മുടെ റോഡുകളില്‍ ഇപ്പോള്‍ മണിക്കൂറില്‍ നൂറു കിലോമീറ്ററിലേറെ വേഗതയില്‍ വാഹനമോടിക്കാന്‍ കഴിയും. അതുകൊണ്ടുതന്നെയാണ് അപകടങ്ങളുടെ എണ്ണവും കൂടുന്നത്- അദ്ദേഹം വിശദീകരിച്ചു.അതേസമയം, മോട്ടോര്‍ വാഹന നിയമത്തിലെ പിഴത്തുക കുറയ്ക്കുന്ന കാര്യത്തില്‍ രണ്ടുദിവസത്തിനകം തീരുമാനമെടുക്കുമെന്ന് കര്‍ണാടക ഗതാഗത മന്ത്രി ലക്ഷ്മണ്‍ സാവഡി പറഞ്ഞു. മോട്ടോര്‍ വാഹന നിയമത്തില്‍ ഗുജറാത്ത്,മഹാരാഷ്ട്ര സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടികള്‍ പരിശോധിച്ചുവരികയാണെന്നും സാധാരണക്കാരന് ഭാരമാവാത്ത രീതിയില്‍ നിയമം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.