വിമാനത്താവളം വഴി സ്വർണ കടത്ത് , കസ്റ്റംസ് സൂപ്രണ്ട് അറസ്റ്റിൽ

">

തിരുവനന്തപുരം∙ തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണംകള്ളക്കടത്ത് നടത്തിയ കേസില്‍ കസ്റ്റംസ് സൂപ്രണ്ടിനെ ഡിആര്‍ഐ അറസ്റ്റു ചെയ്തു. തിരുവനന്തപുരം സ്വദേശിയായ സൂപ്രണ്ട് വി.രാധാകൃഷ്ണനെയാണ് ഇന്ന് രാവിലെ അറസ്റ്റു ചെയ്തത്. രാധാകൃഷ്ണന്‍ ഡ്യൂട്ടിയിലുള്ളപ്പോഴാണ് സ്വര്‍ണക്കടത്തുകളെല്ലാം നടന്നതെന്ന് ഡിആര്‍ഐയ്ക്ക് തെളിവ് ലഭിച്ചു.

സ്വര്‍ണക്കടത്തിന്റ മുഖ്യസൂത്രധാരനായ അഡ്വ. ബിജു സ്വര്‍ണം വിറ്റ പഴവങ്ങാടിയിലെ സ്വര്‍ണക്കടയുടമ ഹക്കീമിന്റെ അക്കൗണ്ടന്റ് റാഷിദിനെ കൊച്ചിയില്‍ അറസ്റ്റു ചെയ്തു. ബിജുവും സഹായികളായ വിഷ്ണുവും പ്രകാശന്‍ തമ്പിയും സ്വര്‍ണക്കടയുടമ ഹക്കീമും ഒളിവിലാണ്. ഇവര്‍ക്കായി ലൂക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയിട്ടുണ്ട്. വിഷ്ണുവുമായാണ് കസ്റ്റംസ് സൂപ്രണ്ട് ഇടപാടുകള്‍ നടത്തിയിരുന്നത്. ഇവര്‍ തമ്മില്‍ ഫോണില്‍ നിരന്തരമായി ബന്ധപ്പെട്ടിരുന്നതായും ഡിആര്‍ഐയ്ക്ക് തെളിവുകള്‍ ലഭിച്ചു. വിമാനത്താവളത്തിലെ 1 മാസത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സ്വര്‍ണക്കടത്ത് നടന്ന സമയത്തെല്ലാം രാധാകൃഷ്ണന്‍ പരിശോധന കേന്ദ്രത്തില്‍ ഉണ്ടായിരുന്നതായി തെളിവു ലഭിച്ചു. റജിസ്റ്ററും ഡ്യൂട്ടി സമയവും പരിശോധിച്ചപ്പോള്‍ ഇതു ശരിയാണെന്നു ബോധ്യമായി. കടത്തുകാര്‍ വരുമ്പോള്‍ വിഷ്ണു മുന്‍കൂട്ടി വിവരം സൂപ്രണ്ടിനെ അറിയിക്കും. അപ്പോള്‍ ഡ്യൂട്ടിയിലുള്ളവരെ മാറ്റി രാധാകൃഷ്ണന്‍ നേരിട്ടാണ് ബാഗുകള്‍ പരിശോധിച്ചിരുന്നതും സ്കാനിങ് മെഷീനിലൂടെ കടത്തിവിട്ടിരുന്നതും. കടത്തുകാര്‍ സുരക്ഷിതമായി പുറത്തെത്തുമ്പോള്‍ ഇയാളും പരിശോധനാ കേന്ദ്രത്തില്‍നിന്ന് മാറും. ഡ്യൂട്ടി മാറുമ്പോള്‍ റജിസ്റ്ററില്‍ രേഖപ്പെടുത്തണമെന്ന നിബന്ധന പാലിച്ചിരുന്നില്ല.

മെയ് 13നാണ് 25 കിലോ സ്വര്‍ണവുമായി തിരുമല സ്വദേശി കെഎസ്ആര്‍ടിസി കണ്ടക്ട‍ര്‍ സുനില്‍കുമാര്‍ (45), കഴക്കൂട്ടം സ്വദേശി സെറീന(42) എന്നിവരെ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തത്. മസ്കറ്റില്‍നിന്ന് തിരുവനന്തപുരത്തെത്തിയ ഒമാന്‍ എയര്‍വേയ്സിന്റെ വിമാനത്തിലാണ് ഇരുവരും എത്തിയത്. ഇവരെക്കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് ബിജുവിനെക്കുറിച്ചും കൂട്ടാളികളെക്കുറിച്ചും വിവരം ലഭിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

Sponsors