Madhavam header
Above Pot

സംസ്ഥാനത്ത് സ്വര്‍ണ്ണം വില്‍ക്കുന്നത് പല വിലകളില്‍

കൊച്ചി: കേരളത്തില്‍ വെള്ളിയാഴ്ച സ്വര്‍ണ വില്പന നടന്നത് മൂന്നു വ്യത്യസ്ത വിലകളില്‍. ബി. ഗോവിന്ദന്‍ പ്രസിഡന്റും കെ. സുരേന്ദ്രന്‍ ജനറല്‍ സെക്രട്ടറിയുമായിട്ടുള്ള ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷനാണ് (എ.കെ.ജി.എസ്.എം.എ.) സംസ്ഥാനത്ത് ഔദ്യോഗികമായി സ്വര്‍ണ വില നിശ്ചയിക്കുന്നത്. വര്‍ഷങ്ങളായി വില നിര്‍ണയാധികാരം ഇവര്‍ക്കാണ്. എ.കെ.ജി.എസ്.എം.എ. നിശ്ചയിച്ച നിരക്ക് പ്രകാരം പവന് 37,840 രൂപയും ഗ്രാമിന് 4,730 രൂപയുമാണ് വെള്ളിയാഴ്ചത്തെ സ്വര്‍ണ വില.

എന്നാല്‍, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളില്‍ പവന് 37,200 രൂപ, 37,040 രൂപ നിരക്കുകളില്‍ വില്പന നടന്നു. എ.കെ.ജി.എസ്.എം.എ. എന്ന പേരില്‍ തന്നെ ജസ്റ്റിന്‍ പാലത്തറ പ്രസിഡന്റായിട്ടുള്ള സംഘടനയാണ് പവന് വെള്ളിയാഴ്ച 37,200 രൂപയും ഗ്രാമിന് 4,630 രൂപയും വില നിശ്ചയിച്ചത്.

Astrologer

ഈ സംഘടനയുടെ ഭാഗമായിട്ടുള്ള വ്യാപാരികള്‍ ഈ നിരക്കിലാണ് വില്പന നടത്തിയത്. അതേസമയം, തൃശ്ശൂര്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഒരുകൂട്ടം വ്യാപാരികളുടെ സംഘടനയായ കെ.ജി.എസ്.ഡി.എ. എന്ന സംഘടന പവന് 37,040 രൂപയും ഗ്രാമിന് 4,630 രൂപയും വില കണക്കാക്കി.

സ്വര്‍ണത്തിന്റെ അന്താരാഷ്ട്ര വില, ഡോളര്‍-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കുന്നത്. അതേസമയം, ബോര്‍ഡ് റേറ്റിനെക്കാള്‍ പവന്‌ 640 രൂപയുടെ വ്യത്യാസത്തിലാണ് പാലത്തറ വിഭാഗം എ.കെ.ജി.എസ്.എം.എ. വ്യാപാരികള്‍ സ്വര്‍ണം വിറ്റത്.

കെ.ജി.എസ്.ഡി.എ.യിലെ അംഗങ്ങളാകട്ടെ പവന് 800 രൂപ കുറച്ചാണ് വില നിശ്ചയിച്ചത്‌. കോവിഡ് പ്രതിസന്ധിയും ഓണക്കാലവുമായതിനാല്‍ തങ്ങള്‍ക്ക് കിട്ടേണ്ടുന്ന ലാഭത്തില്‍ ചെറിയ വിഹിതം കുറച്ചാണ് കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്നതെന്ന് ജസ്റ്റിന്‍ പാലത്തറ പറഞ്ഞു. വില്പന പ്രോത്സാഹിപ്പിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു. ഇറക്കുമതി നികുതിയടക്കം വില നിര്‍ണയത്തില്‍ പരിഗണിക്കുന്നുണ്ടെന്നും പാലത്തറ വ്യക്തമാക്കി.

നികുതി വെട്ടിപ്പ് നടത്തിയാണ് ഇത്രയും കുറഞ്ഞ വിലയ്ക്ക് ഈ സംഘടനയിലെ വ്യാപാരികള്‍ വില്പന നടത്തുന്നതെന്നാണ് എ.കെ.ജി.എസ്.എം.എ. ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ആരോപിക്കുന്നത്. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വിപണിയില്‍ ധാരാളമായി പഴയ സ്വര്‍ണത്തിന്റെ വില്പന നടക്കുന്നുണ്ട്.

ഉപഭോക്താവിന്റെ കൈവശമുള്ള പഴയ സ്വര്‍ണം കുറഞ്ഞ വിലയ്ക്ക് എടുക്കാനും നികുതി വെട്ടിപ്പിനുമാണ് ബോര്‍ഡ് റേറ്റിനെക്കാള്‍ കുറഞ്ഞ വിലയ്ക്ക് ഒരു വിഭാഗം വ്യാപാരികള്‍ സ്വര്‍ണം വില്‍ക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പഴയ സ്വര്‍ണം വില കുറച്ച്‌ വാങ്ങി സംസ്കരിച്ച്‌ പുതിയ സ്വര്‍ണമാക്കി വില്‍ക്കാനും കഴിയും. അനധികൃതമായി ലഭിക്കുന്ന സ്വര്‍ണമല്ലെങ്കില്‍ ഇത്ര വില കുറച്ച്‌ വില്‍ക്കുന്നത് എങ്ങനെയാണെന്ന് അന്വേഷിക്കണമെന്നും എ.കെ.ജി.എസ്.എം.എ. ആവശ്യപ്പെട്ടു.

കേരള ജൂവലേഴ്‌സ് ഫെഡറേഷനും ഇതേ അഭിപ്രായമാണ് പങ്കുവെക്കുന്നത്. പഴയ സ്വര്‍ണം വില്‍ക്കാനെത്തുന്ന ഉപഭോക്താക്കള്‍ക്ക് ലഭിക്കേണ്ടതായ ന്യായവില ബോര്‍ഡ് റേറ്റ് കുറച്ച്‌ നിര്‍ണയിക്കുന്നതിലൂടെ കിട്ടാതാവുകയാണ്. ഒരേസമയം സര്‍ക്കാരിനെയും ഉപഭോക്താക്കളെയും വഞ്ചിക്കുന്ന നടപടിയാണ് ഇത്തരം വ്യാപാരികള്‍ കൈക്കൊള്ളുന്നതെന്നും കേരള ജൂവലേഴ്‌സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എം.പി. അഹമ്മദ് പറഞ്ഞു.

Vadasheri Footer