തൃശൂർ പൂരം, ഘടക പൂരങ്ങള്‍ക്കെത്തുന്ന 1600 പേര്‍ക്ക് സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന
തൃശൂര്‍ : തൃശൂര്‍ പൂരത്തിന്റെ ഭാഗമായുള്ള ഘടക പൂരങ്ങള്‍ക്കെത്തുന്ന 1600 പേര്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്താന്‍ സൗകര്യമൊരുക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് ഷാനവാസ്. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് കലക്ട്രേറ്റ് ചേംബറില്‍ വിളിച്ചു ചേര്‍ത്ത ആലോചന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എട്ട് ഘടകപൂരങ്ങളാണ് നടക്കുന്നത്.
ഓരോ സംഘങ്ങളിലെയും 200 പേര്‍ക്ക് വീതം കോവിഡ് പരിശോധന സൗജന്യമായി നടത്താനുള്ള സജ്ജീകരണമാണ് ജില്ലാ ഭരണകൂടം ഒരുക്കുന്നത്. കൂടുതലായി എത്തുന്നവരുടെ പരിശോധന അതത് പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട ഭാരവാഹികള്‍ ഉറപ്പു വരുത്തണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു. കോവിഡ് പരിശോധന നടത്താനുള്ള ക്രമീകരണങ്ങള്‍ ആരോഗ്യ വിഭാഗം ഒരുക്കും.
പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ ഡെവലപ്പ്മെന്റ് കമ്മീഷ്ണര്‍ അരുണ്‍ കെ വിജയനെ മുഖ്യ ചാര്‍ജ് ഓഫീസറായി ചുമതലപ്പെടുത്തിയതായും കലക്ടര്‍ അറിയിച്ചു. സിറ്റി പോലിസ് കമ്മീഷണര്‍ ആര്‍ ആദിത്യ, എട്ട് ഘടകപൂരങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ ആലോചന യോഗത്തില്‍ പങ്കെടുത്തു.