കോണ്‍ഗ്രസ് നേതാവും കോവളം മുന്‍ എംഎല്‍എയുമായ ജോര്‍ജ് മേഴ്സിയര്‍ അന്തരിച്ചു.
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും കോവളം മുന്‍ എംഎല്‍എയുമായ ജോര്‍ജ് മേഴ്സിയര്‍ (68) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2006ലാണ് കോവളത്തെ പ്രതിനിധീകരിച്ച് അദ്ദേഹം നിയമസഭയിലെത്തിയത്. കെപിസിസി നിര്‍വാഹകസമിതി അംഗവുമാണ്.
കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്, കേരളാ സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ അംഗം, ജില്ലാ സഹകരണ ബാങ്ക് ഡയറക്ടര്‍, പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. അഭിഭാഷകനാണ്. കേരള ഫ്‌ളൈയിങ് ക്ലബില്‍ നിന്ന് സ്റ്റുഡന്റ്‌സ് പൈലറ്റ്‌സ് ലൈസന്‍സും നേടിയിട്ടുണ്ട്.
വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനായിരുന്നു.
മെഴ്സിയറുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. വിദ്യാര്‍ത്ഥി രാഷ്ട്രീയകാലം വളരെ അടുത്ത് ബന്ധമുള്ള സഹപ്രവര്‍ത്തകനെയാണ് മേഴ്‌സിയറുടെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ട്രേഡ് യൂണിയന്‍ രംഗത്തും സഹകരണമേഖലയിലും വലിയ സംഭാവനകളാണ് അദ്ദേഹം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് വേണ്ടി നല്‍കിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു