Madhavam header
Above Pot

വ്യാജരേഖ ഉപയോഗിച്ച്‌ കുന്നംകുളം സ്വദേശിനിയുടെ സ്വത്ത് തട്ടിയെടുത്ത രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍

കുന്നംകുളം: കുന്നംകുളം സ്വദേശിനിയുടെ വസ്തു വ്യാജരേഖ ഉണ്ടാക്കി പണയപ്പെടുത്തി പണം തട്ടിയെടുത്ത കേസില്‍ വയോധികരായ രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍. മലപ്പുറം തിരൂര്‍ തെക്കുമുറി കളരിക്കല്‍ വീട്ടില്‍ സക്കീന (60), വെളിയങ്കോട് പുതിയ വീട്ടില്‍ നാലകത്തു സുബൈദ (52) എന്നിവരേയാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. തങ്ങള്‍ക്ക് ലോട്ടറി അടിച്ചതായി ചിറമനേങ്കാട് സ്വദേശിനിയായ സ്ത്രീയെ വിശ്വസിപ്പിച്ച്‌, ഇവരുടെ 65 ലക്ഷം രൂപ വില വരുന്ന സ്വത്ത് തങ്ങള്‍ വാങ്ങാമെന്ന് വിശ്വസിപ്പിച്ച്‌ ഇവരില്‍ നിന്നും പ്രമാണം കൈപറ്റുകയും ഈ പ്രമാണം ഉപയോഗിച്ച്‌ പണമിടപാട് സഥാപനത്തില്‍ പണയപെടുത്തി 30 ലക്ഷം രൂപ വാങ്ങുകയും ചെയ്തു.

ഇവരുടേതെന്ന രീതിയിലുള്ള വ്യാജ കരാര്‍ ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്. കരാര്‍ പ്രകാരം പണമിടപാട് സ്ഥാപനത്തിന് തിരിച്ചടവ് ലഭിക്കാതിരുന്നതോടെ ഇവര്‍ നടപടിക്കൊരുങ്ങിയതോടെയാണ് തട്ടിപ്പ് മനസ്സിലായത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതികള്‍ക്ക് എതിരെ ചേലക്കര പൊലീസ് സ്റ്റേഷനില്‍ സമാനമായ കേസ് നിലവിലുണ്ട്. കേരള സംസ്ഥാന മണ്‍സൂണ്‍ ലോട്ടറിക്ക് സമ്മാനം ലഭിച്ചിട്ടുണ്ട് എന്ന് പറഞ്ഞു വ്യാജടിക്കറ്റ് ബാങ്കില്‍ നൽകി തട്ടിപ്പ് നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ സക്കീനക്കെതിരെ തിരൂര്‍ സ്റ്റേഷനില്‍ കേസും നിലവിലുണ്ട്.

Astrologer

തൃശൂര്‍ ജില്ലയിലും സംസ്ഥാനത്തെ മറ്റു ജില്ലകളിലും സമാനമായ കുറ്റകൃത്യങ്ങള്‍ പ്രതികള്‍ നടത്തിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരുന്നുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. കുന്നംകുളം എ.സി.പി.ടി. എസ് സിനോജിന്റെ നിര്‍ദ്ദേശപ്രകാരം എസ്.ഐ സന്തോഷ് വി.എസ്, എഎസ്‌ഐ പ്രേംജിത്ത്, സീനിയര്‍ സിപിഒ, എസ് വീരജ, സിപിഒ ഷജീര്‍ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്.

Vadasheri Footer