സുവിധ, ട്രെൻഡ് എന്നീ വെബ്‌സൈറ്റുകൾ വഴി തിരഞ്ഞെടുപ്പ് ഫലമറിയാം
തൃശൂർ : മെയ് 23 ന് നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന്റെ ഭാഗമായി തെരഞ്ഞെടുപ്പു ഫലങ്ങൾ, തത്സമയ ഫലസൂചനകൾ എന്നിവ അറിയുന്നതിനായി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ സുവിധ, സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്റെ ട്രെൻഡ് എന്നീ വെബ്‌സൈറ്റുകൾ തൃശൂരിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ സജ്ജമാക്കി. ഇതുവഴി വോട്ടെണ്ണൽ ഫലങ്ങൾ കൃത്യതയോടെ ജനങ്ങളിലേക്കെത്തിക്കാൻ സാധിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പു വിഭാഗം അറിയിച്ചു.
ഓരോ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രം എണ്ണിക്കഴിയുമ്പോഴും എല്ലാ കൗണ്ടിങ് സെന്ററുകളിൽ നിന്നും തിരുവനന്തപുരത്തെ പ്രധാന സെന്ററിലേക്ക് വിവരങ്ങൾ നൽകാനും ഇതുവഴി സാധിക്കും. ട്രെൻഡിൽ നിന്ന് വോട്ടെണ്ണലിന്റെ റൗണ്ട്‌വൈസ് ടോട്ടൽ സുവിധയിലേക്ക് അപ്‌ലോഡ് ചെയ്യുകയും അത് മാധ്യമങ്ങൾക്ക് നൽകുകയും ചെയ്യും. എൻഐസിയാണ് രണ്ടു വെബ്‌സൈറ്റുകളും തയ്യാറാക്കിയിട്ടുള്ളത്.
വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിയോജക മണ്ഡലാടിസ്ഥാനത്തിൽ നാലു കമ്പ്യൂട്ടറുകൾ വരെ സ്ഥാപിച്ച് അതിൽ ഒന്ന് സുവിധയ്ക്കും മൂന്നെണ്ണം ട്രെൻഡിനും വേണ്ടി ഉപയോഗിക്കും. ഏആർഒമാരുടെ കീഴിലുള്ള ഉദ്യോഗസ്ഥർ, കെൽട്രോൺ പ്രതിനിധികൾ എന്നിവരാണ് പ്രവർത്തനങ്ങൾ നിർവഹിക്കുക.
വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സ്ഥാപിക്കുന്ന 14 ഇവിഎം ടേബിളുകളിൽ നിന്നും ഒരു ഏആർഒ ടേബിളിൽ നിന്നും ഓരോ പോളിങ് സ്റ്റേഷനിലേയും തത്സമയ വോട്ടെണ്ണൽ വിവരങ്ങൾ ട്രെൻഡിലേക്ക് നൽകും. ട്രെൻഡിന്റെ എൻട്രി സൈറ്റ് ഉടൻ പുറത്തിറക്കും.
ട്രെൻഡിൽ നിയോജക മണ്ഡലത്തിന്റെ നമ്പർ, പാസ്‌വേഡ് എന്നിവ നൽകിയാൽ വോട്ടിങ് കൗണ്ടിങ് (ടേബിൾ വൈസ്) എന്ന മെനുവിൽ നിന്ന് റൗണ്ട്, ടേബിൾ നമ്പർ, പോളിങ് ബൂത്ത് നമ്പർ, പാർട്ടി, വോട്ടേഴ്‌സ്, ടോട്ടൽ എന്നിവ അറിയുവാൻ സാധിക്കും. തുടർന്ന് 14 ടേബിളുകളിലെയും റൗണ്ട് വൈസ് ടോട്ടൽ സുവിധയിലേക്ക് നൽകുകയും മാധ്യമ പ്രവർത്തകർക്കു നൽകുകയും ചെയ്യും. സുവിധ, ട്രെൻഡ് വെബ്‌സൈറ്റുകൾ മോസില്ല ഫയർഫോക്‌സ് ബ്രൗസർ മുഖേന ഉപയോഗിക്കണം. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ബി എസ് എൻഎല്ലിന്റെ മുഴുവൻ സമയ സേവനവും ലഭ്യമാകും.
തിങ്കളാഴ്ച (മെയ് 20) മുതൽ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഉദ്യോഗസ്ഥർക്ക് സുവിധ, ട്രെൻഡ് ട്രയൽ നടത്തും. ഇതുമായി ബന്ധപ്പെട്ട് കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ഉദ്യോഗസ്ഥർക്ക് ജില്ലാ ഇൻഫോർമാറ്റിക് സെന്ററിന്റെ ആഭിമുഖ്യത്തിൽ ക്ലാസ് നടത്തി. ഇൻഫർമാറ്റിക് ഓഫീസർ കെ. സുരേഷ്, അഡീ. ഇൻഫർമാറ്റിക് ഓഫീസർ ബെർക്കിൻസ് എന്നിവർ നേതൃത്വം നൽകി.