Madhavam header
Above Pot

തിരഞ്ഞെടുപ്പ് ചെലവു വിവരങ്ങൾ സമർപ്പിക്കുന്നതിലെ നിർദ്ദേശങ്ങൾ പാലിക്കണം

തൃശൂർ : തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥികൾ ചെലവുകളുടെ കണക്കുവിവരങ്ങൾ സമർപ്പിക്കുന്നതിലെ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടർ എസ് ഷാനവാസ്. തിരഞ്ഞെടുപ്പ് സംബന്ധിച്ച ചെലവുകളുടെ കണക്കുകൾ നിശ്ചിത മാതൃകയിൽ ഫലപ്രഖ്യാപന തീയതി മുതൽ 30 ദിവസത്തിനകം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് സമർപ്പിക്കണം. ഗ്രാമപഞ്ചായത്തുകളുടെ തിരഞ്ഞെടുപ്പ് കാര്യത്തിൽ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്തിന്റെ കാര്യത്തിൽ ജില്ലാ പഞ്ചായത്ത് സെക്രട്ടറിയും ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, മുനിസിപ്പൽ കോർപ്പറേഷൻ എന്നിവയുടെ കാര്യത്തിൽ ജില്ലാ കലക്ടറുമാണ് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥർ.

ഒന്നിലധികം സ്ഥാനത്തേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥിയെ സംബന്ധിച്ച് മത്സരിക്കുന്ന ഓരോ തിരഞ്ഞെടുപ്പിലും ചെലവുകൾ വെവ്വേറെ തയ്യാറാക്കി സമർപ്പിക്കണം.
സ്ഥാനാർത്ഥിക്ക് തിരഞ്ഞെടുപ്പിൽ യാതൊരു ചെലവും ഉണ്ടായിട്ടില്ലെങ്കിൽ ചെലവുകൾ ഒന്നും ഉണ്ടായിട്ടില്ലെന്ന് നിർദ്ദിഷ്ട മാതൃകയിൽ റിട്ടേൺ സമർപ്പിക്കണം. തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിയുടെ നിക്ഷേപത്തുക കണ്ടു കെട്ടിയാൽ അത് ചെലവിനമായി രേഖപ്പെടുത്തണം.
പ്രായോഗികമായി വൗച്ചർ ലഭ്യമാകാത്ത തപാൽ, റെയിൽവേ യാത്ര മുതലായവക്ക് ഒഴികെ മറ്റെല്ലാ ചെലവുകൾക്കും വൗച്ചർ ഉണ്ടായിരിക്കേണ്ടതും ആ വൗച്ചറുകൾ സ്ഥാനാർത്ഥി കണക്കിനൊപ്പം സമർപ്പിക്കേണ്ടതുമാണ്. എല്ലാ വൗച്ചറുകളിലും ക്രമമായി നമ്പരിടണം.
സമർപ്പിക്കുന്ന ഓരോ വൗച്ചറിലും സ്ഥാനാർത്ഥിയോ അദ്ദേഹത്തിൻ്റെ തിരഞ്ഞെടുപ്പ് ഏജന്റോ ഒപ്പ് വെക്കണം.

Astrologer

സമർപ്പിക്കുന്ന കണക്കുകൾ സ്ഥാനാർത്ഥിയോ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ഏജന്റോ സൂക്ഷിച്ചിട്ടുള്ള കണക്കുകളുടെ ശരി പകർപ്പ് എന്ന് സ്ഥാനാർത്ഥി തന്നെ സാക്ഷ്യപ്പെടുത്തണം.
കണക്കുകൾ സമർപ്പിച്ചതിന് അധികാരപ്പെട്ട ഉദ്യോഗസ്ഥനിൽനിന്ന് സ്ഥാനാർത്ഥി രസീത് വാങ്ങുകയും അതൊരു രേഖയായി സൂക്ഷിക്കുകയും ചെയ്യണം. നിശ്ചിത പരിധിയിൽ കൂടുതൽ ചെലവ് ചെയ്യുകയോ മതിയായ കാരണങ്ങളില്ലാതെ നിർദ്ദിഷ്ട രീതിയിലും സമയപരിധിക്കുള്ളിലും കണക്കുകൾ സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തുകയോ ചെയ്യുന്ന സ്ഥാനാർത്ഥി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിക്കുന്ന തീയതി മുതൽ അഞ്ചു കൊല്ലക്കാലത്തേക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനോ അംഗമായിരിക്കുന്നതിനോ അയോഗ്യനാകും.

Vadasheri Footer