Madhavam header
Above Pot

സംസ്ഥാനത്തെ അഞ്ച് ഇക്കോ സോണുകളാക്കി തിരിക്കും: മന്ത്രി വി എസ് സുനിൽകുമാർ

തൃശൂർ : റീബിൽഡ് കേരളയുടെ ഭാഗമായി കേരളത്തെ അഞ്ച് ഇക്കോളജിക്കൽ സോണുകളാക്കി തിരിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനിൽകുമാർ അറിയിച്ചു. തൃശൂർ ടൗൺ ഹാളിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് സംഘടിപ്പിച്ച കർഷക സഭകളുടെ ജില്ലാതല ക്രോഡീകരണവും കാർഷിക സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഒരേ രീയിയിലുള്ള മണ്ണിന്റെ ഘടന, ജലലഭ്യത, കാലാവസ്ഥ, മറ്റ് ഭൂമിശാസ്ത്രപരമായ ഘടകങ്ങൾ എന്നിവയാണ് സോണുകൾക്ക് അടിസ്ഥാനമാക്കുക.

അഞ്ച് സോണുകളെ 28 അഗ്രോ ഇക്കോളജിക്കൽ സോണുകളാക്കി വേർതിരിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ഓരോ മേഖലയിലും എന്ത് കൃഷി ചെയ്യാം, എന്ത് കൃഷി ചെയ്യരുത് എന്ന് മാർഗരേഖ തയാറാക്കും. ഓരോ പ്രദേശത്തിനും തനതായ സൂക്ഷ്മതലത്തിൽ യൂനിറ്റ് അടിസ്ഥാനത്തിലുള്ള മാറ്റങ്ങൾ കൃഷിയിൽ കൊണ്ടുവരും. ഇതിനായി വിദഗ്ധ സമിതിയെ നിയോഗിച്ചതായും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് വിൽപന നടത്തുന്ന വിത്തുകളുടെയും നടീൽ വസ്തുക്കളുടെയും ഗുണനിലവാരം ഉറപ്പാക്കാൻ സർക്കാർ നിയമ നിർമ്മാണം നടത്തും. നിയമനിർമ്മാണത്തിനുള്ള കരട് കാർഷിക സർവകലാശാല തയാറാക്കി. നിലവിൽ സ്വകാര്യ നഴ്സറികളും മറ്റും വിതരണം ചെയ്യുന്ന വിത്തുകളുടെയും നടീൽ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ കഴിയുന്നില്ല.

Astrologer

സംസ്ഥാനത്ത് വിൽക്കപ്പെടുന്ന ജൈവവളത്തിന്റെ ഗുണനിലവാരം പരിശോധിക്കാനുള്ള ലബോറട്ടറിയും കേരളത്തിലില്ല. ജൈവവളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനുള്ള മാർഗരേഖ സർക്കാർ നിശ്ചയിച്ചതായും അതിനുള്ള നിയമം കൂടി കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
‘കേര കേരളം, സമൃദ്ധ കേരളം’ പദ്ധതിയുടെ ഭാഗമായി കേടുവന്ന തെങ്ങിൻതൈകൾ വെട്ടിക്കളയാനും രണ്ട് കോടി തെങ്ങിൻ തൈകൾ വെച്ചുപിടിപ്പിക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി ഗുണനിലവാരമുള്ള തെങ്ങിൻതൈകൾ പകുതി വിലയ്ക്ക് നൽകും. കൃഷി ലാഭകരമല്ല എന്നത് തെറ്റായ പ്രചരണമാണെന്നും മന്ത്രി പറഞ്ഞു. കർഷകസഭകളിൽനിന്ന് ഉയർന്നുവന്ന നിർദേശങ്ങൾ ക്രോഡീകരിച്ച് സ്ംസ്ഥാനതലത്തിൽ പദ്ധതികളുടെ ആസൂത്രണത്തിൽ പ്രയോജനപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

new consultancy

ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് അധ്യക്ഷത വഹിച്ചു. കർഷകസഭ, ഞാറ്റുവേലച്ചന്ത ജില്ലാതല ക്രോഡീകരണ റിപ്പോർട്ട് യു.ആർ. പ്രദീപ് എം.എൽ.എ മന്ത്രിക്ക് നൽകി പ്രകാശനം ചെയ്തു. യു.ആർ. പ്രദീപ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ.കെ. ഉദയപ്രകാശ്, ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർപേഴ്സൺ ജെന്നി ജോസഫ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ കെ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ആത്മ പ്രൊജക്ട് ഡയറക്ടർ അനിത കരുണാകരൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജൈകൃഷി രീതികൾ സംബന്ധിച്ച് കാർഷിക സർവകലാശാലയിലെ ഡോ. കെ.ഇ. ഉഷയും മണ്ണിന്റെ ഫലപൂയിഷ്ഠതയും പരിപാലന മുറകളും എന്ന വിഷയത്തിൽ ഡോ. വി. തുളസിയും ക്ലാസെടുത്തു. വി.എസ് റോയി കാർഷിക പ്രശ്നോത്തരി നയിച്ചു. തുടർന്ന് കൃഷിശാസ്ത്രജ്ഞരും കർഷകരും തമ്മിൽ മുഖാമുഖവും നടന്നു.

buy and sell new

Vadasheri Footer