Header 1 = sarovaram
Above Pot

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനം , മുഖ്യമന്ത്രിയോട് വിശദീകരണം തേടി തെര. കമ്മീഷൻ..

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കേ കൊവിഡ് വാക്സിൻ എത്തിയാൽ സൗജന്യമായി വിതരണം ചെയ്യുമെന്ന് വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചതിൽ മുഖ്യമന്ത്രി പിണറായി വിജയനോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്കരൻ. മുഖ്യമന്ത്രിക്കെതിരായ പരാതി കിട്ടിയ ഉടൻ വിശദീകരണം തേടി. മുഖ്യമന്ത്രിയുടെ വിശദീകരണം കിട്ടാതെ ഇതിൽ നടപടിയെടുക്കാൻ കഴിയില്ല. അതിനാൽ വിശദീകരണം തേടി കത്ത് നൽകിയെന്നും മറുപടി കിട്ടിയ ശേഷം തീരുമാനം പ്രഖ്യാപിക്കുമെന്നും വി ഭാസ്കരൻ അറിയിച്ചു.

മന്ത്രി എ സി മൊയ്ദീൻ നേരത്തേ വോട്ട് ചെയ്തെന്ന പരാതിയിൽ തൽക്കാലം നടപടിയുണ്ടാകില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി. 7 മണിക്കാണ് വോട്ട് ചെയ്തതെന്നാണ് കളക്ടറുടെ റിപ്പോർട്ട്. മറിച്ച് തീരുമാനമെടുക്കാനുള്ള മറ്റൊന്നും മുന്നിലില്ല. അതിനാൽ നടപടിയുണ്ടാകില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ വോട്ടെടുപ്പിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Astrologer

വോട്ടെണ്ണൽ ദിനം രാവിലെ പതിനൊന്ന് മണിയോടെത്തന്നെ ഗ്രാമപഞ്ചായത്തുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ പറയുന്നു. തപാൽ വോട്ടുകൾ എണ്ണിക്കഴിഞ്ഞ് മാത്രമേ ഇലക്ട്രോണിക് വോട്ടുകൾ എണ്ണൂ. പത്ത് ജില്ലകളിലെ കണക്കനുസരിച്ച് ഇതുവരെ 2,11,849 പോസ്റ്റൽ വോട്ടുകളുണ്ട്. ഇവയെല്ലാം എണ്ണാൻ ഉള്ള സമയതാമസം ഉണ്ടാകും.

വോട്ടെണ്ണൽ ബുധനാഴ്ച രാവിലെ 8 മണിക്ക് തന്നെ തുടങ്ങും. എട്ട് ബൂത്തുകൾക്ക് ഒരു ടേബിൾ എന്ന നിലയിലാണ് വോട്ടെണ്ണലിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ ഉണ്ടാകും. കോർപ്പറേഷൻ തലത്തിൽ ആറ് വോട്ടെണ്ണൽ കേന്ദ്രങ്ങളുണ്ടാകും. 152 എണ്ണം ബ്ലോക്ക് തലത്തിൽ. 86 എണ്ണം മുൻസിപ്പാലിറ്റി തലത്തിൽ. 

സംസ്ഥാനത്തെ പോളിംഗ് ശതമാനം മൂന്നാം ഘട്ടത്തിൽ ആകെ 78 ശതമാനം കടന്നിട്ടുണ്ട് സംസ്ഥാനത്തെ മൊത്തം പോളിംഗ് ശതമാനം 76 ആയി. 1199 തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. 74,899 സ്ഥാനാർത്ഥികളാണ് ആകെ ജനവിധി തേടിയത്. 
 

പുതിയ ഭരണസമിതി അംഗങ്ങളുടെ സത്യപ്രതിജ്ഞ ഡിസംബർ 21-ന് നടക്കും. ഭരണസമിതി അധ്യക്ഷൻമാരുടെയും ഉപാധ്യക്ഷൻമാരുടെയും തെരഞ്ഞെടുപ്പ് തീയതികൾ പിന്നീട് പ്രഖ്യാപിക്കുമെന്നും കമ്മീഷണർ വി ഭാസ്കരൻ അറിയിച്ചു. 

പൊതുവിൽ വോട്ടെടുപ്പ് സമാധാനപരമായിരുന്നുവെന്നും, തെരഞ്ഞെടുപ്പ് പ്രക്രിയ സമാധാനപരമായി പൂർത്തിയാക്കാൻ സഹായിച്ചതിന് എല്ലാ രാഷ്ട്രീയപാർട്ടി പ്രതിനിധികളോടും തെരഞ്ഞെടുപ്പ് കമ്മീഷണർ നന്ദിയും അറിയിച്ചു.

Vadasheri Footer