മദ്ധ്യപ്രദേശിലും ദൃശ്യം മോഡൽ , ബിജെപി നേതാവും മക്കളും അറസ്റ്റിൽ
ഇന്‍ഡോര്‍ (മദ്ധ്യപ്രദേശ് ) : ‘ദൃശ്യം’ സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ബി.ജെ.പി നേതാവും മൂന്ന് മക്കളുമടക്കം അഞ്ച് പേര്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. 2016ല്‍ ട്വിങ്കിള്‍ എന്ന യുവതിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റ്. ബി.ജെ.പി നേതാവ് ജഗദീഷ് കരോട്ടിയ(65), മക്കളായ അജയ്(36), വിജയ്(38), വിനയ്(36), സഹായി നീലേഷ്, കശ്യപ് എന്നിവരാണ് അറസ്റ്റിലായത്.
ബി.ജെ.പി നേതാവ് ജഗദീഷ് കരോട്ടിയയും ട്വിങ്കിള്‍ ദാഗ്രേ (22) എന്ന യുവതിയുമായി പ്രണയത്തിലായിരുന്നു. ജഗദീഷിനൊപ്പം താമസിക്കണമെന്ന് ട്വിങ്കിള്‍ വാശിപിടിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. തുടര്‍ന്ന് മക്കളുടെ സഹായത്തോടെ യുവതിയെ ജഗദീഷ് കൊലപ്പെടുത്തുകയായിരുന്നു. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച് കുഴിച്ചു മൂടുകയായിരുന്നു. സമാനമായ രീതിയില്‍ ഒരു നായയെയും ഇവര്‍ കുഴിച്ചിട്ടിരുന്നു.
പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് അന്വേഷണത്തില്‍ ജഗദീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് നായയെ കുഴിച്ചിട്ട സ്ഥലമാണ് ഇയാള്‍ പൊലീസിന് കാണിച്ച് കൊടുത്തത്. കേസ് വഴിതിരിച്ച് വിടാനായാണ് ഇവര്‍ ഇത്തരത്തിലൊരു നീക്കം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
പ്രതികളില്‍ സംശയം നിലനില്‍ക്കെ കേസ് പരിഹരിക്കാനായി ഒരു ശാസ്ത്രീയ സമീപനം പൊലീസ് നടത്തിയിരുന്നു. ബി.ഇ.ഓ.എസ് (ബ്രെയിന്‍ ഇലക്ടിക്കല്‍ ഓസിലേഷന്‍ സിഗ്നേച്ചര്‍) അഥവാ ബ്രെയിന്‍ ഫിംഗര്‍പ്രിന്റിംഗ് പരിശോധന. കരോട്ടിയയിലും രണ്ട് മക്കളിലും പരിശോധന നടത്തിയതോടെയാണ് സംഭവം പുറത്തായത്. ഇന്‍ഡോറില്‍ ഒരു കേസിനു വേണ്ടി ആദ്യമായാണ് ഇത്തരത്തിലൊരു പരിശോധന നടത്തുന്നതെന്ന് പൊലീസ് അധികൃതര്‍ പറഞ്ഞു.
തുടര്‍ന്നുള്ള അന്വേഷണത്തില്‍ പരിസര പ്രദേശത്ത് നിന്ന് പെണ്‍കുട്ടിയുടെ ആഭരണങ്ങളും ചെയിനും പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് കരോട്ടിയെയും മക്കളെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ദൃശ്യം സിനിമയാണ് തെളിവ് നശിപ്പിക്കാന്‍ പ്രചോദനമായതെന്ന് ജഗദീഷ് പൊലീസിന് മൊഴി നല്‍കി. ഇതിനായി സിനിമ പല തവണ കണ്ടതായി പ്രതി കുറ്റസമ്മതത്തില്‍ വ്യക്തമാക്കി. കേസിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വഴിയെ പുറത്തുവിടുമെന്ന് പൊലീസ് വ്യക്തമാക്കി.