വൻ മയക്ക് മരുന്ന് വിൽപന സംഘത്തെ എക്സൈസ് അറസ്റ്റ് ചെയ്തു

ഗുരുവായൂർ : കോളെജുകൾ കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്കിടയിൽ ഹാഷിഷ് ഓയിലും കഞ്ചാവും വിതരണം ചെയ്യുന്ന യുവാക്കളെ ചാവക്കാട് എക്‌സൈസ് സംഘം പിടികൂടി. ലഹരി മരുന്നുകളുടെ ആവശ്യക്കാരെന്ന വ്യാജേന ‘ഫ്രീക്കൻ’മാരായെത്തിയ എക്സൈസ് സംഘമാണ് ലഹരി മാഫിയ സംഘത്തെ പിടികൂടിയത്. ഇൻസ്‌പെക്ടർ കെ.വി ബാബുവിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് വിദ്യാർത്ഥികളെന്ന വ്യാജേന എക്‌സൈസ് സംഘം ലഹരി വസ്തുക്കൾ ആവശ്യപ്പെട്ടത്.

Vadasheri

ഇതേ തുടർന്നാണ് പ്രതികൾ വിതരണത്തിനായി ഹാഷിഷ് ഓയിലും കഞ്ചാവും എത്തിച്ചു നൽകിയത്. ഗുരുവായൂർ പുത്തമ്പല്ലി കൂളിയാട്ട് അർജുൻ കൃഷ്ണ (21), ചാവക്കാട് മുതുവുട്ടൂർ വൈശാഖം വീട്ടിൽ പ്രശേഭ്ലാൽ (21), കേച്ചേരി എരനെല്ലൂർ അറങ്ങാശ്ശേരി ആൽഫ്രഡ് കുര്യൻ (21), പന്നിത്തടം കാളിയത്തേൽ മുഹമ്മദ് സവാദ് (20) എന്നിവരേയാണ് ചാവക്കാട് എക്സൈസ് ഇൻസ്പെക്ടർ കെ.വി ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം സിനിമാ സ്‌റ്റൈലിൽ പിടികൂടിയത്. ഇവരിൽ നിന്നും 45ഗ്രാം ഹാഷിഷ് ഓയിലും 225 ഗ്രാം കഞ്ചാവിനും പുറമെ കഞ്ചാവ് വലിക്കുന്നതിനുള്ള ബോംഗ്, പൊടിക്കുന്നതിനുള്ള ക്രഷർ, തൂക്കം നോക്കുന്നതിനുള്ള വെയിറ്റിങ് മെഷീൻ എന്നിവയും കണ്ടെടുത്തു. സംഘം യാത്ര ചെയ്തിരുന്ന ബുള്ളറ്റും കസ്റ്റഡിയിലെടുത്തു.

അർജുൻ കൃഷ്ണക്കും പ്രശോഭ്ലാലിനും ലഹരി മാഫിയ സംഘവുമായി ബന്ധമുണ്ടെന്ന വിവരം ലഭിച്ചതാണ് സംഘത്തെ പിടികൂടുന്നതിന് വഴിവെച്ചത്. ഇരുവരുമായി അടുപ്പം സ്ഥാപിക്കാൻ എക്സൈസ് സംഘത്തിലെ ‘ഫ്രീക്കൻ’മാരെ ചുമതലപ്പെടുത്തുകയാണ് ആദ്യം ചെയ്തത്. കോളേജ് വിദ്യാർഥികളെന്ന വ്യാജേന അർജുൻ കൃഷ്ണയുമായും പ്രശോഭ്ലാലുമായും എക്സൈസ് ‘ഫ്രീക്കൻമാർ’ പരിചയപ്പെട്ടു. ആഴ്ചകൾ നീണ്ട പരിചയത്തിനൊടുവിൽ എക്സൈസ് ‘ഫ്രീക്കൻമാർ’ ഇവരോട് ലഹരി ഉൽപ്പന്നങ്ങൾ ലഭിക്കുമോ എന്നന്വേഷിച്ചു. ആദ്യം ഇല്ലെന്നായിരുന്നു മറുപടി. എന്നാൽ, എക്സൈസ് ‘ഫ്രീക്കൻമാർ’ പിന്മാറിയില്ല. വീണ്ടും ലഹരി മരുന്ന് ആവശ്യപ്പെട്ട് ഇരുവരുമായും എക്സൈസ് ‘ഫ്രീക്കൻമാർ’ ബന്ധപ്പെട്ടു കൊണ്ടിരുന്നു. ഒടുവിൽ കുറച്ച് ഹാഷിഷ് ഓയിലും കഞ്ചാവും നൽകാമെന്ന ഇരുവരും സമ്മതിച്ചു. തുടർന്ന് ഗുരുവായൂർ ബസ് സ്റ്റാന്റിനടുത്തെ കെട്ടിടത്തിനടുത്ത് വെച്ച് ഇവ കൈമാറാമെന്നും സമ്മതിച്ചു. ഇതേ സമയം പ്രതികളെ പിടികൂടാൻ എക്സൈസ് ഇൻസ്പെക്ടർ കെ.വി ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം കരുക്കൾ നീക്കി. തുടർന്ന് 45ഗ്രാം ഹാഷിഷ് ഓയിലും 225 ഗ്രാം കഞ്ചാവുമായി അർജുൻ കൃഷ്ണയയും പ്രശോഭ്ലാലും ബുള്ളറ്റിലെത്തി. ഉടൻ സമീപത്തുണ്ടായിരുന്ന എക്സൈസ് സംഘം ഇരുവരേയും പിടികൂടുകയായിരുന്നു.

Star

തുടർന്ന് പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ആൽഫ്രഡ് കുര്യനും മുഹമ്മദ് സവാദുമാണ് തങ്ങൾക്ക് ലഹരി മരുന്ന് കൈമാറുന്നതെന്ന കാര്യം പറഞ്ഞത്. തുടർന്ന് ഇവർ മുഖേന തന്നെ ആൽഫ്രഡ് കുര്യനേയും മുഹമ്മദ് സവാദിനേയും ഗുരുവായൂരിലെത്തിച്ച് പിടികൂടുകയായിരുന്നു. വിവിധ ജില്ലകളിലെ കോളേജ്-സ്‌കൂൾ വിദ്യാർഥികൾക്കിടയിൽ ഹാഷിഷ് ഓയിലും കഞ്ചാവും വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായവരെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. ഇതര സംസ്ഥാനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളുമായി അടുത്ത ബന്ധം പുലർത്തുന്ന സംഘം ബാംഗ്ലൂരിൽ നിന്നാണ് ഹാഷിഷ് ഓയിൽ കൊണ്ടു വന്നിരുന്നത്. വിദ്യാർഥികളെ ഇടനിലക്കാരായി കേരളത്തിലേക്ക് വിവിധ മാർഗങ്ങളിലൂടെ മയക്ക് മരുന്നുകൾ കടത്തിയിരുന്നതായി പിടിയിലായവർ സമ്മതിച്ചു. ഇവരിൽ നിന്നും പിടികൂടിയ ലഹരി വസ്തുക്കൾക്ക് മാത്രം ലക്ഷം രൂപ വരുമെന്ന് എക്സൈസ് സംഘം പറഞ്ഞു. പ്രിവന്റിവ് ഓഫീസർമാരായ ടി.കെ സുരേഷ് കുമാർ, ഒ.പി സുരേഷ് കുമാർ, ടി.എ സുനിൽകുമാർ, സി.ഇ.ഒ മാരായ എം.എസ് സുധീർകുമാർ, മിക്കി ജോൺ, ശീർഷേന്ദുലാൽ, ജാക്സൺ പി ദേവസി, എൻ.ബി രാധാകൃഷ്ണൻ, ഇർഷാദ്, രഞ്ജിത്ത്, ജോസഫ്, രാജേഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.