തൃശൂര്‍ ദിവാന്‍ജി മൂലയിലെ കുരുക്ക് അഴിയുന്നു ,മേല്‍പ്പാലം നാളെ തുറക്കും
തൃശൂർ: നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാൻ നിർമ്മാണം തുടങ്ങിയ ദിവാൻജി മൂല മേൽപ്പാലം ഒടുവിൽ പൂർത്തിയാകുന്നു. ഉദ്ഘാടനം ഉടൻ നടക്കുമെന്ന് പ്രഖ്യാപനം നടത്തിയ അധികൃതർക്ക് മേൽപ്പാല നിർമ്മാണത്തിന്റെ നടപടി ആരംഭിച്ച് അഞ്ച് വർഷം പൂർത്തിയാക്കിയിട്ടും ഗതാഗത യോഗ്യമാക്കാൻ സാധിച്ചിരുന്നില്ല. ഒടുവിൽ നാളെ മുഖ്യമന്ത്രി ഓൺലൈനിലൂടെ ഉദ്ഘാടനം നടത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
നേരത്തെ മുൻ മേയർ കഴിഞ്ഞ ജനുവരിയിൽ ഉദ്ഘാടനം നടത്തിയതിന് ശേഷം മാത്രമെ താൻ പടിയിറങ്ങൂവെന്ന പ്രസ്താവന നടത്തിയെങ്കിലും ഒന്നും സംഭവിക്കാതെ മേയർ പടിയിറങ്ങേണ്ടി വന്നു . പുതിയ മേയർ അജിത ജയരാജൻ ചുമതലയേറ്റപ്പോൾ വിഷുവിന് ഉദ്ഘാടനം നടത്താൻ സാധിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതിന്റെ ഭാഗമായി മന്ത്രിമാർ ഉൾപ്പടെയുള്ളവർ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയിരുന്നു. എന്നാൽ പിന്നെയും മാസങ്ങൾ കടന്നുപോയി.
പൂർണതോതിൽ നിർമ്മാണം പൂർത്തിയാക്കാതെയാണ് നാളെ ഉദ്ഘാടനം നടത്തുന്നത്. അപ്രോച്ച് റഓഡിന്റെ ടാറിംഗ് നിർമ്മാണം ഇന്നലെ മാത്രമാണ് ആരംഭിച്ചത്. ഇന്ന് രാത്രിയോടെ പണികൾ പൂർത്തിയാകുമെന്നാണ് കോർപറേഷൻ അധികൃതരുടെ വാദം. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വരാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് ഇത്രയും പെട്ടെന്ന് മേൽപ്പാലം ഉദ്ഘാടനം നടത്തുന്നത്. കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതിയുടെ കാലഘട്ടത്തിലാണ് റെയിൽവേയിൽ തുക കെട്ടിവച്ച് മേൽപ്പാല നിർമ്മാണത്തിന് തുടക്കം കുറിച്ചത്.
< മേൽപ്പാല നിർമ്മാണം രണ്ട് വർഷം മുമ്പ് പൂർത്തിയാക്കിയിട്ടും അപ്രോച്ച് റോഡ് നിർമ്മാണം ഇഴഞ്ഞ് നീങ്ങിയതാണ് ദീവാൻജി മൂല മേൽപ്പാലം റോഡ് പൂർത്തിയാതിരിക്കാൻ പ്രധാന കാരണം. അപ്രോച്ച് റോഡ് നിർമ്മാണത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിലും കാലതാമസം നേരിട്ടു. എല്ലാ നടപടികളും പൂർത്തിയാക്കി പ്രവർത്തനം തുടങ്ങിയെങ്കിലും കൊവിഡ് ലോക്ക്ഡൗൺ വന്നത് പണി വീണ്ടും തടസപ്പെടുത്തി.
ഉദ്ഘാടനം ഇത്രയേറെ നീട്ടി കൊണ്ട് പോയത് തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് കൊണ്ടാണ്. നേരത്തെ പൂർത്തിയാക്കിയിരുന്നെങ്കിൽ അത് യു.ഡി.എഫിന് ഗുണം ചെയ്യുമെന്ന് കണ്ട് ബോധപൂർവ്വമായുള്ള തടസപ്പെടുത്തലുകളാണ് നടന്നത് കോർപറേഷൻ പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ ആരോപിച്ചു . .