കഴിഞ്ഞ ഭരണ സമിതി 15.10 ലക്ഷത്തിന് ലേലം ഉറപ്പിച്ച ഥാറിന് പുനർ ലേലത്തിൽ കിട്ടിയത് 43 ലക്ഷം
ഗുരൂവായൂർ : ക്ഷേത്രത്തിൽ വഴിപാടായി ലഭിക്കുന്ന പച്ചക്കറിയും പപ്പടവും പഴവും ലേലം ചെയ്യുന്ന ലാഘവത്തോടെ കഴിഞ്ഞ ഭരണ സമിതി ലേലം ചെയ്ത മഹീന്ദ്ര ഥാറിന് പുനർലേലത്തിൽ ലഭിച്ചത് 43 ലക്ഷം. പ്രവാസി വ്യവസായിയും അങ്ങാടിപ്പുറം സ്വദേശിയുമായ വിഘ്‌നേഷ് വിജയകുമാർ ആണ് ഥാർ ലേലം കൊണ്ടത്. വിഘ്‌നേഷിന് വേണ്ടി പിതാവ് വിജയകുമാറും സ്ഥാപനങ്ങളുടെ ജനറൽ മാനേജർ അനൂപും ആണ് ലേലത്തിൽ പങ്കെടുത്തത് 15.10 ലക്ഷം രൂപയ്‌ക്ക് പ്രവാസിയും എറണാകുളം സ്വദേശിയുമായ അമൽ മുഹമ്മദ് ലേലം കൊണ്ട വാഹനമാണ് പുനർ ലേലത്തിൽ 43 ലക്ഷം ലഭിച്ചത്. ഒരാൾ മാത്രം പങ്കെടുത്ത ലേലത്തിലാണ് അമൽ മുഹമ്മദിന് ലേലം ഉറപ്പിച്ചത് , ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നത്
ശരിയായ രീതിയിലല്ല ലേലം നടന്നതെന്ന് ആരോപിച്ച് ഹിന്ദു സംഘടന ഹൈക്കോടതിയെ സമീപിച്ചിരുന്നു.. ദേവസ്വം കമ്മീഷണറോട് പരാതി ക്കാരെ കേൾക്കാൻ ഹൈക്കോടതി നിർദേശിച്ച തനുസരിച്ചു ദേവസ്വം ഓഫീസിൽ വെച്ച നടത്തിയ ഹിയറിങ്ങിൽ , വിഘ് നേഷിന്റെ മാനേജർ അടക്കം പങ്കെടുപങ്കെടുത്ത് പരാതി ബോധിപ്പിച്ചു . ഹിയറിങ്ങിന്റെ റിപ്പോർട് കമ്മീഷണർ ഹൈക്കോടതിയിൽ സമർപ്പിച്ചതിനെ തുടർന്ന് പത്രങ്ങളിൽ പരസ്യം ചെയ്ത ശേഷം പുനർലേലം നടത്താൻ ഉത്തരവിടുകയായിരുന്നു . ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് നടന്ന ലേലത്തിൽ 14 പേരാണ് 40,000 രൂപ കെട്ടി വെച്ച് പങ്കെടുത്തത് . ജീപ്പ് ആദ്യം ലേലം കൊണ്ട ഖത്തർ വ്യവസായി അമൽ മുഹമ്മദ് അലി ആദ്യം ലേലത്തിൽ പങ്കെടുക്കാൻ പേര് റജിസ്റ്റർ ചെയ്തിരുന്നെങ്കിലും പിന്നീട് പങ്കെടുക്കുന്നില്ല എന്ന് തീരുമാനിക്കുകയായിരുന്നു.
ആവേശകരമായ ലേലമാണ് ഗുരുവായൂർ തെക്കേനടപ്പന്തലിൽ നടന്നത്. 14 പേരും ആവേശപൂർവം ലേലത്തിൽ പങ്കെടുത്തപ്പോൾ ഇരുപത് ലക്ഷത്തിലേക്ക് വളരെ ഉടൻ തന്നെ ലേലത്തുകയെത്തി. ഇരുപത് ലക്ഷത്തിന് ശേഷം ആവേശം കൊടുമുടിയിലെത്തി. പിന്നീട് ഇരുപത്തിരണ്ട് ലക്ഷം, ഇരുപത്തിമൂന്ന് ലക്ഷം , അങ്ങനെ തുക ഉയർന്നുയർന്ന് നാൽപ്പത് ലക്ഷത്തിലെത്തി എസ് രാജേന്ദ്രൻ എന്ന വ്യക്തിയാണ് 40 ലക്ഷത്തിൽ എത്തിച്ചത് 40.30ലക്ഷമായി വിഘ്നേഷ് ഉയർത്തിയപ്പോൾ കോട്ടയം സ്വദേശിനിയും ഗുരുവായൂരിലെ താമസക്കാരിയുമായ മഞ്ജുഷ 40.50 ലക്ഷ്ത്തിലേക്ക് എത്തിച്ചു തുടർന്ന് 40.80 ലക്ഷത്തിലേക്ക് വിഘ്നേഷ് കൊണ്ടുപോയപ്പോൾ എസ് രാജേന്ദ്രൻ 41 ലക്ഷമാക്കി ഉയർത്തി , വിഘ്നേഷ് 41.20 ലക്ഷത്തിന് വിളിച്ചപ്പോൾ രാജേന്ദ്രൻ 41 50 ആക്കി ഉയർത്തി വീണ്ടും വിഘ്നേഷ് 42 ലക്ഷത്തിൽ എത്തിച്ചു ഇതോടെ രാജേന്ദ്രൻ പിന്മാറി , തുടർന്ന് മഞ്ജുഷ 42.20 ലക്ഷമാക്കി ലേല സംഖ്യ ഉയർത്തിയപ്പോൾ വിഘ്നേഷ് നേരെ 43 ലക്ഷത്തിലേക്കാണ് പോയത് .
ഇനി തന്റെ പിടിയിൽ നിൽക്കില്ലന്ന് കണ്ട മഞ്ജുഷ ലേലത്തിൽ നിന്നും പിൻ വാങ്ങിയതോടെ സ്വപ്ന തുല്യമായ സംഖ്യയായ 43 ലക്ഷത്തിന് മൂന്ന് തരം വിളിച്ച് വിഘ്‌നേഷിന് ലേലം ഉറപ്പിക്കുകയായിരുന്നു. ഗുരുവായൂരപ്പന്റെ പ്രസാദമായിട്ടാണ് വാഹനം ലേലം കൊണ്ടതെന്ന് വിഘ്‌നേഷിന്റെ പിതാവ് വിജയകുമാർ പറഞ്ഞു . മൂന്നു സീൽഡ് ടെണ്ടറുകളും ദേവസ്വത്തിന് ലഭിച്ചിരുന്നു ഇതിൽ കൂടിയ തുകയായ 25 ലക്ഷം ക്വാട്ട് ചെയ്തതും വിഘ്‌നേഷിന് വേണ്ടിയായിരുന്നു . ലേല നടപടികൾക്ക് ഭരണ സമിതി അംഗീകാരം കൊടുത്താൽ ദേവസ്വം കമ്മീഷണറുടെ അനുമതിയോടെ വാഹനം കൈമാറും
അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ ലേല നടപടികൾക്ക് നേതൃത്വം കൊടുത്തു .കഴിഞ്ഞ ഭരണ സമിതി എടുത്ത മറ്റൊരു തെറ്റായ തീരുമാനം കൂടി ഇതോടെ തിരുത്തപ്പെട്ടു . കഴിഞ്ഞ ഡിസംബർ നാലിന് മഹീന്ദ്ര ഗ്രൂപ്പ് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് വഴിപാടായി നൽകിയതാണ് വാഹനം.
യു എ ഇ യിൽ ഹോസ്പിറ്റാലിറ്റി ,റിയൽ എസ്റ്റേറ്റ് തുടങ്ങിയ മേഖലയിൽ പ്രവർത്തിക്കുന്ന വെൽത് ഐ .എൽ എൽ സി , ഗ്ലോബൽ മാർട്ട് ബിസിനസ് എന്നീ ഗ്രൂപ്പുകളുടെ ഉടമയായ വിഘ്‌നേഷിന് ഫെരാരി ,റേഞ്ച് റോവർ തുടങ്ങി വില കൂടിയായ 18 ആഡംബര വാഹനങ്ങൾ ദുബായിൽ ഉണ്ട് . കുതിര പന്തയത്തിൽ പങ്കെടുക്കുന്ന ആറ് അറേബ്യൻ കുതിരകളും അവിടെയുണ്ട് , നാട്ടിൽ നിരവധി കാറുകൾക്ക് പുറമെ 62 മാർവാഡി കുതിരകളും ,ട്രിനിറ്റി പാർത്ഥൻ എന്ന ഒരു ആനയുമുണ്ട് ആദ്യമായാണ് കമ്പനിയുടെ പേരിൽ ആന അറിയപ്പെടുന്നത് . ഇനിയും ആനകളെ സ്വന്തമാക്കാൻ വിഘ്നേഷ് ആഗ്രഹിക്കുന്നുണ്ടെന്ന് ജനറൽ മാനേജർ അനൂപ് ഹരിതോട്ട പറഞ്ഞു . കോട്ടക്കൽ സ്വദേശികളായ വിഘ്നേഷ് പെരിന്തൽമണ്ണ അങ്ങാടിപ്പുറം തിരുമാന്ധാം കുന്ന് ക്ഷേത്രത്തിന് സമീപം ആണ് ഇപ്പോൾ താമസിക്കുന്നത്