സബ് കളക്‌ടര്‍ ഡോ. രേണുരാജിനോട് ഖേദം പ്രകടിപ്പിച്ച്‌ എസ്.രാജേന്ദ്രന്‍ എംഎല്‍എ

മൂന്നാര്‍: ദേവികുളം സബ് കളക്‌ടര്‍ ഡോ. രേണുരാജിനെതിരായ മോശം പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ എസ്.രാജേന്ദ്രന്‍ എംഎല്‍എ. റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ പഞ്ചായത്ത് പണിയുന്ന കെട്ടിടത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കിയ സംഭവത്തിലാണ് സബ് കളക്ടറെ എസ് രാജേന്ദ്രന്‍ എംഎല്‍എ അധിക്ഷേപിച്ച്‌ സംസാരിച്ചത്. തന്റെ പരാമര്‍ശങ്ങള്‍ ആര്‍ക്കെങ്കിലും വേദനയുണ്ടാക്കിയിട്ടുണ്ടെങ്കില്‍ അതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും എം.എല്‍.എ പറഞ്ഞു.

Vadasheri

ചുമ്മാ ബുദ്ധിയും ബോധവുമില്ലാത്തതിനെയെല്ലാം ഇങ്ങോട്ട് വിടുമെന്നും ഒരു ഐഎഎസ് കിട്ടിയെന്ന് പറഞ്ഞ്, അവള് ഇതെല്ലാം വായിച്ച്‌ പഠിക്കണ്ടേ എന്ന് എസ് രാജേന്ദ്രന്‍ എംഎല്‍എ കെട്ടിടം പണി തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരോട് ചോദിച്ചിരുന്നു. പഞ്ചായത്തിന്റെ ഭൂമിയില്‍ നിര്‍മ്മാണം നടത്തുന്നതിന് റവന്യു വകുപ്പിന്റെ അനുമതി ആവശ്യമില്ലെന്നും ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ പറഞ്ഞിരുന്നു. പഞ്ചായത്തിന്റെ നിര്‍മ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കിയ സബ് കളക്ടറെ പൊതുജനമധ്യത്തില്‍ വെച്ചാണ് എംഎല്‍എ അപമാനിച്ചത്. വിഷയത്തില്‍ എംഎല്‍എയോട് വിശദീകരണം തേടുമെന്ന് സിപിഎം അറിയിച്ചിരുന്നു