വിരമിക്കുന്നതിന് തലേന്ന് ദളിത് നേതാവിനെ സസ്‌പെന്റ് ചെയ്ത ദേവസ്വം നടപടിയിൽ കോൺഗ്രസ് പ്രതിഷേധിച്ചു .
ഗുരുവായൂര്‍: ദലിത് കോൺഗ്രസ് ജില്ല സെക്രട്ടറിയും കോൺഗ്രസ് മണ്ഡലം സെക്രട്ടറിയുമായ ദേവസ്വം ജീവനക്കാരൻ ടി.വി. കൃഷ്ണദാസിനെ അദ്ദേഹം വിരമിക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ സസ്പെൻഡ് ചെയ്ത ദേവസ്വം ഭരണ സമിതിയുടെ നടപടയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പടിഞ്ഞാറെ നടയിൽ നിയമം ലംഘിച്ച് നിർമിക്കുന്ന കെട്ടിടത്തിനെതിരായ ഭക്തജനരോഷത്തിൽ നിന്ന് ഒളിച്ചോടാനും സ്വന്തം വീഴ്ച മറയ്ക്കാനുമാണ് മരാമത്ത് മാനേജരായ കൃഷ്ണദാസിനെ സസ്പെൻഡ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടി. തൊഴിലാളി സ്നേഹവും ദലിത് പ്രേമവും പറയുന്നവരാണ് 35 വർഷം സർവീസുള്ള ഉദ്യോഗസ്ഥനെ വിരമിക്കുന്നതിൻറെ രണ്ട് നാൾ മുമ്പ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. മുൻ ദേവസ്വം ഭരണ സമിതി അംഗം കെ. കുഞ്ഞുണ്ണിയെ സസ്പെൻഡ് ചെയ്തതിലും പ്രതിഷേധിച്ചു. പ്രസിഡൻറ് ബാലൻ വാറനാട്ട് അധ്യക്ഷത വഹിച്ചു. ആർ. രവികുമാർ, ഒ.കെ.ആർ. മണികണ്ഠൻ, ശശി വാറനാട്ട്, സ്റ്റീഫൻ ജോസ്, മേഴ്സി ജോയ്, സി.എസ്. സൂരജ്, വി.എ. സുബൈർ എന്നിവർ സംസാരിച്ചു.