ഗുരുവായൂർ ദേവസ്വം കലണ്ടർ പ്രകാശനം ചെയ്തു
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം കലണ്ടർ പ്രകാശനം ചെയ്തു. കുചേല ദിനമായ ഇന്നു രാവിലെ പത്തു മണിയോടെ ക്ഷേത്രം സോപാനപ്പടിയിൽ ഭഗവാനായി സമർപ്പിച്ച ശേഷമായിരുന്നു പ്രകാശന ചടങ്ങ്. കൊടിമര ചുവട്ടിൽ നടന്ന ചടങ്ങിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ പ്രകാശന കർമ്മം നിർവ്വഹിച്ചു. പാലക്കാട് നെൻമാറ തളൂർ സ്വദേശി സരസ്വതിയമ്മയ്ക്ക് കലണ്ടർ നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്.
കുചേല ദിനത്തിൽ ഭഗവാന് അവിൽ സമർപ്പിച്ച് ദർശനത്തിനായി കാത്തിരിക്കുന്നതിനിടയിലാണ് സരസ്വതിയമ്മയ്ക്ക് ദേവസ്വം കലണ്ടർ പ്രകാശന ചടങ്ങിൽ പങ്കെടുക്കാനും ആദ്യ കോപ്പി ഏറ്റുവാങ്ങാനും അവസരം കിട്ടിയത്. പ്രകാശന ചടങ്ങിൽ ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി.മനോജ് കുമാർ, ക്ഷേത്രം മാനേജർ എ.കെ.രാധാകൃഷ്ണൻ , പബ്ലിക്കേഷൻസ് അസി.മാനേജർ കെ.ജി.സുരേഷ് കുമാർ, പി.ആർ. ഒ. വിമൽ. ജി.നാഥ്,ദേവസ്വം ജീവനക്കാർ എന്നിവർ പങ്കെടുത്തു.
ഭക്തജനങ്ങൾക്ക് കിഴക്കേ നടയിലെ ദേവസ്വം ബുക്ക്സ്റ്റാളിൽ നിന്നും കലണ്ടർ ലഭിക്കും. ഗുരുവായൂർ ക്ഷേത്രത്തിലെ എല്ലാ വിശേഷ ദിവസങ്ങളും ഭഗവാൻ്റെ മനോഹരവും വൈവിധ്യവുമാർന്ന ചടങ്ങുകളുടെ ചിത്രങ്ങളും ഉൾപ്പെടെ കലണ്ടറിലുണ്ട്. ജി. എസ്. ടി ഉൾപ്പെടെ 60 രൂപയാണ് വില.