
“കള്ളൻ വിജയൻ” എന്ന ലേഖനം , ദേശാഭിമാനി ഞായറാഴ്ച പതിപ്പ് വിതരണം ചെയ്തില്ല

തിരുവനന്തപുരം: ദേശാഭിമാനി ലേഖന വിവാദത്തില്‍ റസിഡന്‍റ് എഡിറ്റർ എം സ്വരാജിന്‍റെ വാദം തള്ളി നാടക പ്രവർത്തകൻ വിജയന്‍. ലേഖനത്തിനായി ദേശാഭിമാനിക്കാർ വിളിച്ചിരുന്നുവെന്നും ആവശ്യപ്പെട്ട പ്രകാരം ഗ്രൂപ്പ് ഫോട്ടോ നൽകിയെന്നും വിജയൻ മാധ്യമങ്ങളോട് പറഞ്ഞു. ലേഖനം പ്രസിദ്ധീകരിക്കും എന്നാണ് അറിയിച്ചത്. എന്താണ് സംഭവിച്ചത് എന്നറിയില്ലെന്നും വിജയൻ പരയുന്നു. കള്ളൻ വിജയനെ കുറിച്ച് ലേഖനം ഇല്ലെന്നായിരുന്നു എം സ്വരാജ് പറഞ്ഞത്.
വി എസ് അച്യുതാനന്ദനെക്കുറിച്ചുള്ള അനുസ്മരണക്കുറിപ്പുമായി ഇന്നിറങ്ങേണ്ട ദേശാഭിമാനി വാരാന്തപ്പതിപ്പ് ഒഴിവാക്കിയതിൽ വിവാദം. ‘കള്ളൻ വിജയൻ’ എന്ന തലക്കെട്ടിൽ ഒരു നാടകപ്രവർത്തകനെ പറ്റിയുള്ള ലേഖനത്തെ ചൊല്ലി എഡിറ്റോറിയൽ വിഭാഗത്തിലുണ്ടായ തർക്കമാണ് കാരണമെന്നാണ് വിവരം. എന്നാൽ കള്ളൻ വിജയനെ കുറിച്ച് ലേഖനം തയ്യാറാക്കിയിട്ടേ ഇല്ലെന്നാണ് ദേശാഭിമാനി റസിഡന്‍റ് എഡിറ്റർ എം സ്വരാജ് വിശദീകരിക്കുന്നത്. എന്നാൽ സ്വരാജിന്‍റെ വിശദീകരണം പൂർണമായി നിഷേധിച്ച ‘കള്ളൻ വിജയൻ’ എന്ന് വിളിക്കുന്ന പുല്ലംപാറയിലെ നാടകപ്രവർത്തകൻ, ദേശാഭിമാനി ലേഖകൻ തന്നെ വന്ന് കണ്ടിരുന്നുവെന്ന് പറഞ്ഞു.
മുഴങ്ങുന്നിപ്പോഴും ആ കടലിരമ്പം എന്ന പേരിൽ വിഎസിൻ്റെ പ്രസ് സെക്രട്ടറിയായിരുന്ന കെവി സുധാകനായിരുന്നു കവർസ്റ്റോറി എഴുതിയത്. വിഎസിൻ്റെ ഒന്നാം ഓർമദിനത്തോടനുബന്ധിച്ച് പാർട്ടി പത്രത്തിന്‍റെ സൺഡേ സപ്ളിമെൻ്റിലെ ഒന്നാം പേജ് സ്റ്റോറി. എന്നാൽ ഇന്ന് പത്രം ഇറങ്ങിയത് സപ്ളിമെൻ്റില്ലാതെയാണ്. സാങ്കേതിക കാരണം മൂലം സപ്ളിമെൻ്റ് ഇല്ലെന്നാണ് ഒന്നാം പേജിൽ അറിയിപ്പായി കൊടുത്തത്. വിഎസിനെ പാർട്ടി പത്രം തമസ്കരിച്ചെന്ന രീതിയിൽ വിവാദം മുറുകി. പിന്നാലെയാണ് കൂടുതൽ വിവരങ്ങൾ പുറത്തായത്.
സപ്ളിമെൻ്റിൻ്റെ അവസാന പേജിലെ മറ്റൊരു ലേഖനത്തിൻ്റെ തലക്കെട്ടാണ് യഥാർത്ഥ പ്രശ്നമായത്. പുല്ലംപാറയിൽ ‘കള്ളൻ വിജയൻ’ എന്ന് അറിയപ്പെടുന്ന ഒരു നാടകപ്രവർത്തകനുണ്ട്. അയാളെ കുറിച്ചുള്ള കള്ളൻ വിജയൻ, ധന്യ നാടക ഗ്രാമം, മുത്തിപ്പാറ പിഒ എന്ന തലക്കെട്ടിലായിരുന്നു ലേഖനം. ഫ്രണ്ട് പേജിൽ വിഎസ് ഓർമ്മയും. ലാസ്റ്റ് പേജിൽ ‘കള്ളൻ വിജയൻ’ എന്ന ലേഖനവും വരുന്നതിൽ പ്രശ്നങ്ങളുണ്ടെന്ന് എഡിറ്റോറിയൽ വിഭാഗത്തിലെ ചിലർ ചൂണ്ടിക്കാട്ടിയെന്നാണ് വിവരം. തർക്കവുമുണ്ടായി. ഒടുവിൽ അനാവശ്യ തെറ്റിദ്ധാരണ ഒഴിവാക്കാൻ സപ്ളിമെൻ്റ് തന്നെ വേണ്ടെന്ന് വെച്ചു. എന്നാൽ നാടകക്കഥ കള്ളമാണെന്നും പിഴവ് സാങ്കേതികമാണെന്നും റസിഡൻ്റ് എഡിറ്റർ അറിയിച്ചു.

