
പുതുക്കാട് പൊലീസ് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ

തൃശൂർ: പുതുക്കാട് പൊലീസ് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ .അടിപിടി കേസിൽ ഉൾപ്പെട്ടവരെ പിന്തുടരുന്നതിനിടെ പോലീസ് വാഹനം ബൈക്കിൽ ഇടിച്ച് ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ, പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാത്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. പുതുക്കാട് പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ഉൾപ്പെടെയുള്ള നാല് പോലീസുകാരെയാണ് സസ്പെൻഡ് ചെയ്തത്.

പുതുക്കാട് സബ് ഇൻസ്പെക്ടർ മഹേഷ്, സി.പി.ഒമാരായ ഫൈസൽ, യദുകൃഷ്ണൻ, നവീൻകുമാർ എന്നിവരെയാണ് തൃശൂർ റേഞ്ച് ഡി.ഐ.ജി സസ്പെൻഡ് ചെയ്തത്.
കൃത്യവിലോപവും ഗുരുതരമായ ഉത്തരവാദിത്വക്കുറവും കാണിച്ചതായും പോലീസിന്റെ സൽപ്പേരിന് കളങ്കം സൃഷ്ടിച്ചതായും ചൂണ്ടിക്കാട്ടിയാണ് നടപടി.
കഴിഞ്ഞ ജൂലൈ 19-നായിരുന്നു സംഭവമെന്ന് പോലീസ് അറിയിച്ചു.


ആമ്പല്ലൂരിലെ ഒരു തട്ടുകടയ്ക്ക് സമീപം അടിപിടി നടക്കുന്നുവെന്ന വിവരത്തെ തുടർന്ന് പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ സ്ഥലത്തെത്തി. ഇതിനിടെ അടിപിടിയിൽ ഉൾപ്പെട്ട കല്ലൂർ സ്വദേശികൾ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.
ഇവരെ പോലീസ് പിന്തുടരുന്നതിനിടെ പോലീസ് വാഹനം ഇവർ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ ബൈക്കിലുണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടെങ്കിലും ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാതെ പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തുനിന്ന് പോയെന്നതാണ് സസ്പെൻഷൻ നടപടിക്ക് ആധാരമായ കണ്ടെത്തൽ. തുടർന്ന് നാട്ടുകാർ എത്തിയാണ് പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

