‘ഇത് അമ്പലക്കമ്മറ്റി തെരഞ്ഞെടുപ്പല്ല’; രമ്യഹരിദാസിനെ പരിഹസിച്ച് ദീപാ നിശാന്ത്
തൃശൂർ : ആലത്തൂർ ലോകസഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിന്റെ പ്രചാരണത്തിനെ വിമർശിച്ചു കൊണ്ടുള്ള അധ്യാപിക ദീപാ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിലേക്ക്. സിപിഎം അനായാസമായി വിജയിക്കുമെന്ന് ഉറപ്പിച്ച മണ്ഡലങ്ങളിലൊന്നായിരുന്നു ആലത്തൂർ. എന്നാൽ വേറിട്ട പ്രചാരണ ശൈലിയുമായി രമ്യാ ഹരിദാസും മത്സരത്തിനിറങ്ങിയതോടെ മണ്ഡലം തെരഞ്ഞെടുപ്പ് ചൂടിലാണ്.
കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാനാർത്ഥിപ്പട്ടിക പുറത്തുവന്നപ്പോൾ അതിലെ ഏക സ്ത്രീ സാന്നിദ്ധ്യമായിരുന്നു രമ്യ ഹരിദാസ്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൂടിയാണ് രമ്യ. രാഹുൽ ബ്രിഗേഡിലെ മികച്ച പോരാളികളിലൊരാളായിട്ടാണ് രമ്യയെ കോൺഗ്രസ് പാർട്ടി വിലയിരുത്തുന്നത്.
പാട്ടിലൂടെയും വൈകാരിക പ്രസംഗങ്ങളിലൂടെയും ആലത്തൂരിൽ വേറിട്ട പ്രചാരണം നടത്തുന്ന രമ്യയുടെ പ്രചാരണരീതിയെ പരിഹസിച്ചു കൊണ്ടാണ് ദീപാ നിശാന്തിന്റെ കുറിപ്പ്. ”സ്ഥാനാർത്ഥി എത്ര മനോഹരമായി പാടുന്നു, ഡാൻസ് കളിക്കുന്നു എന്നതൊന്നുമല്ല ഇവിടെ വിഷയമാക്കേണ്ടത്. അമ്പലക്കമ്മറ്റി തെരഞ്ഞെടുപ്പല്ല നടക്കുന്നത് എന്ന സാമാന്യ ബോധം വോട്ടഭ്യർത്ഥന നടത്തുന്നവർ പുലർത്തണ’മെന്നുമാണ് ദീപയുടെ ഫേസ്ബുക്ക് പോസ്റ്റ്. രമ്യ ജയിച്ചാൽ പാർലമെന്റിലെത്തുന്ന ആദ്യത്തെ ദളിത് എംപി ആയിരിക്കുമെന്ന അനിൽ അക്കര എംഎൽഎയുടെ വാദത്തെയും ദീപ വിമർശനവിധേയമാക്കുന്നു. ദീപാ നിശാന്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. കവിത മോഷണ വിവാദത്തിൽ സമൂഹത്തിലും ,പ്രത്യേകിച്ച് ഇടതു പക്ഷ പ്രവർത്തകരുടെ ഇടയിലും കുത്തനെ ഇടിഞ്ഞ തന്റെ സ്റ്റാർ മൂല്യം എങ്ങിനെയെങ്കിലും ഉയർത്തി കൊണ്ട് വരുന്നതിനുള്ള തത്രപ്പാടാണ് ഇത്തരം പോസ്റ്റുകൾക്ക് പിന്നിലുള്ളതെന്ന് യു ഡി എഫ് കേന്ദ്രങ്ങൾ ആരോപിച്ചു