ദാരികന്റെ വധത്തോടെ കാട്ടകാമ്പാല്‍ പൂരം സമാപിച്ചു
കുന്നംകുളം : ദാരികന്റെ വധത്തോടെ കാട്ടകാമ്പാല്‍ പൂരം സമാപിച്ചു . അസുരവീര്യവുമായി എത്തിയ ദാരികനെ നിഗ്രഹിച്ച് ജനങ്ങള്‍ക്ക് ആശ്വാസമേകിയ ഭദ്രകാളിയുടെ ഐതിഹ്യം പ്രതീകാത്മകമായി അവതരിപ്പിക്കുന്നതാണ് കാട്ടകാമ്പാല്‍ പൂരത്തിന്റെ പ്രധാന ചടങ്ങ് . ഇന്ന് പുലര്‍ച്ചെ പാലയ്ക്കല്‍ കാവിലേക്ക് എഴുന്നള്ളിയ ഭഗവതിയെ കാളിയും ദാരികനും പറവെച്ച് സ്വീകരിച്ചു. തുടര്‍ന്ന് തേരിലേറി മേളത്തിന്റെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് കാളിയും ദാരികനും എഴുന്നള്ളി.
ക്ഷേത്രാങ്കണത്തില്‍ മേളത്തിന്റെ താളത്തിനൊപ്പം രൗദ്രനൃത്തം ചെയ്ത കാളിയും ദാരികനും തുടര്‍ന്ന് മതിലകത്തേക്ക് പടനയിച്ചു. നടപ്പുര മേളത്തിന് ശേഷം സംവാദമായിരുന്നു. ചെന്തമിഴില്‍ പൊതിഞ്ഞ വാക്ശരങ്ങളാല്‍ കാളിയും ദാരികനും പരസ്പരം പോരടിച്ചു. ദാരികന്റെ പോര്‍ വിളി കേട്ട് കോപാവേശം പൂണ്ട കാളി ഉഗ്രഭാവത്താല്‍ തേരിന്റെ കാല്‍ പറിക്കാന്‍ ഒരുങ്ങിയതോടെ പേടിച്ചരണ്ട ദാരികന്‍ തേരില്‍ നിന്നിറങ്ങി ഓടി. ഭയചകിതനായ ദാരികനും കോപിഷ്ഠയായ കാളിയും ക്ഷേത്രത്തിനു ചുറ്റും 3 വലം വെച്ചതോടെ ദാരിക വധത്തിനു സമയമായി.
പരാജയം ഉറപ്പിച്ച ദാരികന്‍ ഓടി ശ്രീകോവിലിന്റെ ഓവില്‍ ഒളിച്ചു.പിന്‍തുടര്‍ന്നെത്തിയ കാളി ഉടവാള്‍ ഊരി അവതാര ലക്ഷ്യം പൂര്‍ത്തിയാക്കാനൊരുങ്ങി. മരണഭീതിയാല്‍ തളര്‍ന്ന ദാരികന്‍ കൊല്ലരുതേ തമ്പുരാട്ടി എന്ന് കേണപേക്ഷിച്ചെങ്കിലും കലിപൂണ്ട കാളി ദാരിക കിരീടം അറുത്തെടുത്ത് പ്രതീകാത്മക വധം നടത്തി.
കലി ശമിപ്പിക്കാന്‍ ആല്‍ത്തറയില്‍ ഇരുന്ന കാളിയെ പരികര്‍മ്മികള്‍ ചേര്‍ന്നു ശാന്തയാക്കി. തിടമ്പേറ്റിയ ആനയെ കാളി ആചാര പ്രകാരം വണങ്ങിയതോടെ കാളി ദാരിക യുദ്ധം അവസാനിച്ചു. തുടര്‍ന്ന് ക്ഷേത്രം കമ്മിറ്റി അംഗങ്ങള്‍ ചേര്‍ന്നു കൊടിയിറക്കിയതോടെ പൂരാചാരങ്ങള്‍ക്കു സമാപനമായി. ക്ഷേത്ര പരിസരം വൃത്തിയാക്കി ശുദ്ധി കലശം നടത്തിയ ശേഷം നട തുറന്ന് ദര്‍ശനം അനുവദിക്കും