ദുബായിലേക്കെന്നു പറഞ്ഞ് ബാങ്കോക്കിലേക്ക്; 10 വര്‍ഷത്തിൽ 4 വീട്; വി എ സക്കീർ ഹുസൈനെതിരായ പാർട്ടി റിപ്പോർട്ട് പുറത്ത്

">

കൊച്ചി: സിപിഎം കളമശേരി മുൻ ഏരിയാ സെക്രട്ടറി വി എ സക്കീർ ഹുസൈനെതിരായ പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പുറത്ത്. കഴിഞ്ഞ പത്തുവർഷത്തിനിടെ വൻതോതിൽ സ്വത്തുക്കൾ വാങ്ങിക്കൂട്ടിയെന്നും പാർട്ടി അനുവാദമില്ലാതെ വിദേശയാത്ര നടത്തിയെന്നുമാണ് കണ്ടെത്തൽ. അനധികൃത സ്വത്തുസമ്പാദനത്തിന് സക്കീർ ഹുസൈനെതിരെ അന്വേഷണമാവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റിനും പരാതി കിട്ടിയിട്ടുണ്ട്.

വ്യവസായിയെ തട്ടിക്കൊണ്ടുപോയതിലടക്കം പ്രതിയായ സിപിഎം കളമശേരി മുൻ ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മിറ്റിയംഗവുമായിരുന്ന വി എ സക്കീർ ഹുസൈന് പിഴവ് പറ്റിയെന്നാണ് അന്വേഷണ കമ്മീഷൻ റിപ്പോർ‍ട്ടിലുളളത്. നേതാവിനെ തിരുത്തുന്നതിലും തെറ്റു ചൂണ്ടിക്കാണിക്കുന്നിതലും കളമശേരി ഏരിയാ കമ്മിറ്റിയുടെ ഭാഗത്തുനിന്നും പിഴവുണ്ടായി. സ്വത്തുക്കൾ വാങ്ങിക്കൂട്ടുമ്പോള്‍ അക്കാര്യം താനുൾപ്പെട്ട കമ്മിറ്റികളിൽ അറിയിച്ചില്ല. പത്തുവർഷത്തിനിടെ നാല് വീടുകളാണ് വാങ്ങിയത്. 76 ലക്ഷം രൂപയ്ക്ക് അഞ്ചാമതൊരെണ്ണം വാങ്ങാനും നീക്കമുണ്ടായി.

സക്കീർ ഹുസൈന്‍റെയും ഭാര്യയുടെയും വരുമാനവും മറ്റ് വീടുകളുടെ വാടകയും കണക്കാക്കിയാൽ പോലും പുതിയതൊരെണ്ണം വാങ്ങാനുളള സാമ്പത്തിക ശേഷിയില്ല. 2016ൽ പാ‍ർട്ടിയെ അറിയിക്കാതെ വിദേശത്ത് പോയി. ചോദിച്ചപ്പോൾ ദുബായിലേക്കെന്നായിരുന്നു സക്കീർ ഹുസൈന്‍റെ മറുപടി. പാ‍ർട്ടി അന്വേഷണത്തിൽ ബാങ്കോക്കിലെക്കാണ് പോയതന്ന് വ്യക്തമായി. ജില്ലാ കമ്മിറ്റി ശുപാർശയെത്തുടർന്ന് സക്കീർ ഹുസൈനെ അടുത്തയിടെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. അനധികൃത സ്വത്തുസമ്പാദനത്തില്‍ അന്വേഷണമാവശ്യപ്പെട്ടാണ് കളമശേരി സ്വദേശിയായ ഗിരീഷ് ബാബു എൻഫോഴ്‍സ്‍മെന്‍റിന് പരാതി നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Sponsors